- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സിക്യൂട്ടീവ് ചമഞ്ഞ് കവർന്നത് അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ; ഒടുവിൽ കുടുങ്ങിയത് പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുടെ ലാപ്‌ടോപ്പ് അടിച്ചുമാറ്റിയപ്പോൾ; ബിരുദധാരിയായ സെൽവൻ അറസ്റ്റിൽ

കണ്ണൂർ: ബിരുദധാരിയായ മോഷ്ടാവ് എക്‌സിക്യുട്ടീവ് ചമഞ്ഞ് തട്ടിയെടുത്തത് അഞ്ഞൂറോളം ലാപ്‌ടോപ്പുകൾ ഒടുവിൽ പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുടെ ലാപ്‌ടോപ്പ് അടിച്ചുമാറ്റിയപ്പോൾ കുടുങ്ങി.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ നിന്നും വനിതാ ഡോക്ടറുടെ ലാപ് ടോപ്പ് ഉൾപ്പെടെ 500ഓളം ലാപ്ടോപുകൾ മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന കവർച്ചക്കാരനാണ് പിടിയിലായത്.
തമിഴ്‌നാട് തിരുവാരൂർ പുളിവാലം സ്വദേശി തമിഴ് ശെൽവ(25)നെയാണ് പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സേലത്ത് വച്ച് പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് 28നും 31നുമിടയിലാണ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ സൈക്യാട്രിക് വിദ്യാർത്ഥിനിയായ ഡോ. എ.ആർ അശ്വതിയുടെ ലാപ്ടോപ് ഹോസ്റ്റൽ മുറിയിൽ നിന്നും മോഷണം പോയത്.
നാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ മുറിയിൽ ലാപ്ടോപ് കാണാത്തതിനെ തുടർന്ന് പരിയാരം പൊലീസിൽ പരാതി നൽകുകയായിരുന്നു കേസെടുത്ത പൊലീസ് അന്വേഷണത്തിൽ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ നിന്നും പ്രതിയുടെ ദൃശ്യം കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായി ലാപ്ടോപുകൾ മോഷ്ടിക്കുന്ന പ്രതിയെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ പ്രതി ബിരുദധാരിയാണെന്നും പഠിച്ചിട്ടും തൊഴിൽ രഹിതനായതിനാൽ മോഷണത്തിനിറങ്ങിയതാണെന്നും പയ്യന്നൂർ പൊലിസ് പറഞ്ഞു. വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പുകൾ ഭൂരിഭാഗവും നടത്തിയത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ പ്രതി ഫരീദ ബാദ് സ്വദേശിയായ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ ഐ.ഡി കാർഡുണ്ടാക്കി മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും മരുന്ന് ഗവേഷണ കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേനെ ചെന്ന് ഉന്നത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ മറവിലാണ് മോഷണം നടത്തിവന്നിരുന്നത്. ഇക്കാലയളവിൽ 500ഓളം ലാപ് ടോപ്പുകൾ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു.
പരിയാരത്ത് മോഷണം നടത്തിയ ശേഷം അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും ശ്രമം നടത്തി. മോഷ്ടിച്ച ലാപ് ടോപ്പ് സേലത്ത് വിൽപന നടത്തിയത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം തൊണ്ടി മുതൽ പൊലീസ് കസ്റ്റഡിയിലെടുക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ മോഷണ കുറ്റത്തിന് ഇയാളെ ഗുജറാത്ത് രാംനഗർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങി വീണ്ടും മോഷണം പതിവാക്കി. ഇന്ത്യയിലുടനീളം മോഷണ പരമ്പര നടത്തിയ പ്രതിയാണ് പരിയാരം പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു
പരിയാരം ഇൻസ്പെക്ടർ എം.ജെ ജിജോ, പ്രിൻസിപ്പൽ എസ്‌ഐ ടി.എസ് ശ്രീജിത്, എസ്‌ഐ ശശി, എഎസ്ഐ എ.ജി അബ്ദുൽറൗഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, പ്രമോദ്, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


