കണ്ണൂർ:ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ സിവിൽ എക്‌സൈസ് ഓഫിസറെ കാർ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ മട്ടന്നൂർ സ്വദേശിയായ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ. മട്ടന്നൂർ ചേളാരി സ്വദേശി കണ്ണോത്ത് ഹൗസിൽ നിസാമുദ്ദീനെ(27)യാണ് ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ്‌ഐ പി.വിജേഷിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ വച്ച് പിടികൂടിയത്.

ഹൊസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസർ തെരുവത്ത് ലക്ഷ്മി നഗറിലെ ടി.വി ഗീതയെ ഇക്കഴിഞ്ഞ 17ന് രാത്രി 7.15ന് ലക്ഷ്മിനഗർ തെരുവത്ത് റോഡിൽ വച്ച് സ്‌കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാറിനെ കുറിച്ച് വിവരമൊന്നുമുണ്ടായില്ല. എതിർ ഭാഗത്തു നിന്നും അമിത വേഗതയിലുള്ള ഇടിയിൽ ഓഫിസറുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്ന് കടന്നുപോയ കാറുകളുടെ വിവരങ്ങൾ ശേഖരിച്ചു. 100ഓളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലൂടെ ആലാമിപ്പള്ളിയിലെ രാജ് റസിഡൻസിയിലേക്ക് അമിത വേഗതയിൽ കടന്നുപോകുന്ന കാറിന്റെ ദൃശ്യം ലഭിച്ചു. കാറിന്റെ ദൃശ്യങ്ങളും വിവരങ്ങളും അന്വേഷിച്ചപ്പോൾ രാജ് റസിഡൻസിയിലെ 309ാം നമ്പർ റൂമിൽ താമസിച്ച് ടെലിവിഷൻ-സിനിമ പരസ്യ ചിത്രീകരണം നടത്തുന്നവരാണെന്ന് കണ്ടെത്തി.

കാറിന്റെ നമ്പർ പരിശോധിച്ചപ്പോൾ മട്ടന്നൂർ സ്വദേശി ഹർഷന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും കണ്ടെത്തി. ഹർഷനെ ചോദ്യം ചെയ്തപ്പോഴാണ് കാർ ഓടിച്ചത് നിസാമുദ്ദീനാണെന്ന് കണ്ടെത്തിയത്. ഷൂട്ടിങ് ആവശ്യത്തിനായി കാർ വാടകയ്ക്ക് നൽകിയതാണെന്ന് ഹർഷൻ പറഞ്ഞു. അന്വേഷണത്തിൽ എഎസ്ഐ ട്രെയ്‌നി സൗബി ഷാജി, സിവിൽ പൊലീസ് ഓഫിസർമാരായ പ്രബേഷ്, നാരായണൻ, സജിത്ത് എന്നിവരുമുണ്ടായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.