പത്തനാപുരം: വ്യക്തിവൈരാഗ്യത്തിന്റെയും രാഷ്ട്രീയപോരിന്റെയും പേരിൽ സൈബർ യുദ്ധമുറകളിലൂടെ താറടിക്കൽ ഇന്നൊരു പുതുമയല്ല. എന്നാൽ, ക്രൂശിക്കപ്പെടുന്നത് പലപ്പോഴും നിരപരാധികളാണ് താനും. പത്തനാപുരം കുണ്ടയം മലങ്കാവിൽ നിന്നുള്ള സംഭവം ആകെ കുഴഞ്ഞുമറിഞ്ഞതാണ്. ജൂൺ 6 ഞായറാഴ്ചയാണ് സംഭവം. നിരപരാധിയായ യുവാവിനെ കുടുക്കാൻ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പോസ്റ്റിട്ട് പ്രചരിപ്പിച്ച് വർഗ്ഗീയ കലാപമുണ്ടാക്കാൻ ആയിരുന്നു ഒരുസംഘത്തിന്റെ ശ്രമം.

സംഭവത്തിൽ മലങ്കാവ് സ്വദേശിയായ യുവാവ് (അനീഷ്) അറസ്റ്റിലായെങ്കിലും പത്തനാപുരം പൊലീസിന് സംശയം തോന്നിയതോടെ അന്വേഷണം മറ്റൊരു വഴിക്ക് തിരിയുകയായിരുന്നു. അനീഷിന്റെ അക്കൗണ്ടിൽ നിന്ന് കാവിക്കൂട്ടുകാർ എന്ന പേജിൽ, ജനം ടിവിയുടെ ഒരുവാർത്ത പോസ്റ്റ് ചെയ്തതിന്റെ താഴെയാണ് കമന്റ് വന്നത്. മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ കമന്റിട്ടെന്ന് ആരോപിച്ചാണ് പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട അനീഷിന് നേരേ സൈബറാക്രമണവും നടന്നത്. പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചായിരുന്നു ആക്രമണം. ഇതിന് പുറമേ ഇയാളെ ആക്രമിക്കാനും കുറെ പേർ സംഘടിച്ചെത്തി. ചെയ്യാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നതെന്നായിരുന്നു അനീഷിന്റെ നിലപാട്. പത്തനാപുരം പൊലീസ് അനീഷിന്റെ പരാതിയിൽ സിപിഐ നേതാവടക്കം ഏഴുപേർക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്തിട്ടുണ്ട്.

സിപിഐ പത്തനാപുരം കുണ്ടയം ബ്രാഞ്ച് സെക്രട്ടറി താന്നിവിളവീട്ടിൽ ജെ.മുഹമ്മദ് ഇല്ല്യാസ്(32), പുത്തൻപറമ്പിൽ ഫൈസൽ(23),താന്നിവിള വടക്കേതിൽ ഷംനാദ്(31), മൂജീബ് മൻസിലിൽ മുജീബ്(25),നിഷാ മൻസിലിൽ നജീബ് ഖാൻ(35),വേങ്ങവിളവീട്ടിൽ മുജീബ് റഹ്മാൻ(38),താന്നിവിള വീട്ടിൽ അബ്ദുൾ ബാസിദ് (29) എന്നിവർക്കെതിരെയാണ് കൊട്ടാരക്കര പട്ടികജാതി കോടതി ഉത്തരവിട്ടത്.

വർഗീയ കലാപം സൃഷ്ടിക്കൽ, ഗൂഢാലോചന, തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ കോടതി ചുമത്തിരിക്കുന്നത്. അനീഷിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പുനലൂർ ഡിവൈഎസ്‌പി അനിൽദാസിനെ കോടതി ചുമതലപ്പെടുത്തിയത്. പട്ടികജാതി വിഭാഗത്തിൽപെട്ട അനീഷിന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ പേരിൽ ഫേസ്‌ബുക്ക് അകൗണ്ട് വ്യാജമായി നിർമ്മിച്ച് മുസ്ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന രീതിൽ കമന്റ് പോസ്റ്റ് ചെയ്യത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

കൂടാതെ ഒന്നാം പ്രതി മുഹമ്മദ് ഇല്ല്യാസിന്റെ നേത്യത്വത്തിൽ അനീഷിനെ ബോധപൂർവ്വം ആക്രമിക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു. വിദ്വേഷ പരാമർശം അനീഷാണ് പോസ്റ്റ് ചെയ്തതെന്ന് കരുതി എസ്ഡിപിഐ അടക്കം നിരവധിപ്പേരാണ് അനീഷിനെ ആക്രമിക്കാൻ എത്തിയത്. അനീഷ് സത്യം തുറന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചിരുന്നില്ല. സംഭവത്തിൽ പത്തനാപുരം പൊലീസും അന്വേഷണം നടത്തി വരികയാണ്. അനീഷിന്റെ ഫോണും ഒന്നാം പ്രതിയുടെ മൊബൈൽ ഫോണും തിരുവനന്തപുരം ഫോറസിക് കേന്ദ്രത്തിൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

സംഭവം ഇങ്ങനെ:

കുവൈറ്റിൽ ഉള്ള അനീഷ് എന്ന അക്കൗണ്ടിൽ നിന്നാണ് ഫേസ്‌ബുക്കിൽ മുസ്ലിം വിദ്വേഷകരമായ കമന്റ്് ഉണ്ടായത്. മുസ്ലിം സമുദായത്തെയും മുസ്ലിം സ്ത്രീകളെയും മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് ആരോപണം.*************, ഫലസ്തീനിൽ മുസ്ലീങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്ന രീതിയിലായിരുന്നു രണ്ടു കമന്റുകൾ. ഈ കമന്റുകൾ പത്തനാപുരം, കുണ്ടയം മലങ്കാവ് സ്വദേശി അനീഷിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് സംശയം തോന്നിക്കുന്ന രീതിയിലായിരുന്നു. ഫേസ്‌ബുക്ക് കമന്റുകളുടെ സ്്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ അനീഷിനെതിരെ നാട്ടുകാർ തിരിഞ്ഞു. തൊട്ടുപിറ്റേ ദിവസം സ്ഥലത്തെ മുസ്ലിം സമുദായത്തിൽ പെട്ട യുവാക്കൾ സംഘടിച്ച് അനീഷിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തു.

അനീഷ് ഈ കുറ്റം ചെയ്തിട്ടില്ല എന്നാണ് മറുപടി നൽകിയതെന്ന് വാർഡ് മെമ്പറായ അഡ്വ.ഷാജു ഖാൻ പറഞ്ഞു. എന്നാൽ, ഇതിന്റെ സാങ്കേതിക വശം വ്യക്തമല്ലാത്തതുകൊണ്ട് അനീഷിനെ വീട്ടുകാർ അടക്കം തെറ്റിദ്ധരിച്ചു. ഇതോടെ ആൾക്കൂട്ടത്തിന്റെ സമ്മർദ്ദത്താൽ സംഘർഷം ഒഴിവാക്കാൻ അനീഷിന് മാപ്പ് പറയേണ്ടി വന്നുവെന്നാണ് അഡ്വ.ഷാജു ഖാൻ പറയുന്നത്. സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് താൻ മാപ്പുപറഞ്ഞതെന്ന നിലപാടിൽ അനീഷ് ഉറച്ചുനിന്നതോടെ, കൊട്ടാരക്കര റൂറൽ എസ്‌പിക്ക് പരാതി നൽകി.

അതേസമയം, ചില പരാതികളുടെ അടിസ്ഥാനത്തിൽ അനീഷിനെ പത്തനാപുരം പൊലീസ് വിദ്വേഷപരമായ പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം വന്നു. ഒന്നര വർഷത്തോളം കുവൈറ്റിൽ ജോലി ചെയ്തുവെന്നത് ഒഴിച്ചാൽ, താൻ നിരപരാധിയെന്നായിരുന്നു അനീഷ് ആവർത്തിച്ചുപറഞ്ഞത്. കമ്യൂണിസിറ്റ് വിരുദ്ധ പോസ്റ്റുകൾ പലതും ഷെയർ ചെയ്തിട്ടുണ്ടെങ്കിലും മതസ്പർദ്ധ ഉയർത്തുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയോ, ഇടുകയോ ഉണ്ടായിട്ടില്ല.

അനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ വേണമെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിന് പിന്നാലെ പത്തനാപുരം പൊലീസ് അനീഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. സിഐ നടത്തിയ അന്വേഷണത്തിൽ, അനീഷിന്റെ അക്കൗണ്ടിൽ നിന്ന് കാവിക്കൂട്ടുകാർ എന്ന പേജിൽ, ജനം ടിവിയുടെ ഒരുവാർത്ത പോസ്റ്റ് ചെയ്തതിന്റെ താഴെയാണ് കമന്റ് വന്നത്. ജൂൺ ആറിനായിരുന്നു സംഭവം. കമന്റിട്ട് ജസ്റ്റ് നൗ എന്ന തെളിഞ്ഞപ്പോഴേക്കും സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പേജ് ക്യത്യമായി ഫോളോ ചെയ്യുന്ന ഒരാൾക്കോ, അനീഷിന്റെ ഫ്രണ്ടിനോ മാത്രമേ ഈ കമന്റിന്റെ നോട്ടിഫിക്കേഷൻ ലഭിക്കൂ. നോട്ടിഫിക്കേഷൻ ലഭിച്ച് ജസ്റ്റ് നൗ എന്ന തെളിഞ്ഞപ്പോഴേക്കും, സെക്കന്റുകൾക്കുള്ളിൽ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ കമന്റ് കണ്ട ആരും തന്നെയോ പരാതിക്കാരോ, ഒരാൾ പോലും പത്തനാപുരം പൊലീസിൽ മൊഴി നൽകിയിട്ടില്ല.

അനീഷിന്റെ വരുമാനം കൊണ്ടാണ് കുടുബം കഴിയുന്നത്. താൽക്കാലിക തൊഴിലുകൾ ചെയ്ത് ജീവിക്കുന്ന അനീഷിന് ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. മലങ്കാവിലെ മുസ്ലിം വിഭാഗവും ജമാഅത്ത് കമ്മിറ്റിയുമൊക്കെ സംയമനം പാലിച്ചതുകൊണ്ടാണ് വർഗ്ഗീയ കലാപം തന്നെ ഒഴിവായതെന്ന് വാർഡ് മെമ്പർ അഡ്വ. ഷാജു ഖാൻ പറയുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ സൈബർ സെല്ലിനും, കൊട്ടാരക്കര റൂറൽ എസ്‌പിക്കും, പത്തനാപുരം സിഐക്കും അനീഷ് പരാതി നൽകിയിട്ടുണ്ട്.

എന്തായാലും ഇതേ ചൊല്ലി സോഷ്യൽ മീഡിയയിലും വലിയ പോര് തുടരുകയാണ്. അനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുഹമ്മദ് ഇല്യാസ്(32), ഫൈസൽ(23), ഷംനദ്(31), മുജീബ്(25), നജീബ് ഖാൻ(35),മുജീബ് റഹ്മാൻ(38), അബ്ദുൾ ബാഷിത്(29) എന്നിവർക്കെതിരെയാണ് കേസ്. എസ്സി വിഭാഗത്തിൽ പെട്ട അനീഷിനെതിരെ ആരോപണവിധേയരായ ഏഴുപേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അനീഷിനെതിരെ മതപരവും ജാതീയവും ആയ വെറുപ്പും, വിരോധവും സൃഷ്ടിക്കണമെന്നും, ഹിന്ദു-വർഗ്ഗീയ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടും കൂടി ജൂലൈ 6ന് അനീഷിന്റെ ഫേസ്‌ബുക്ക് ഐഡി വ്യാജമായി നിർമ്മിച്ച് മുസ്ലിം വിരുദ്ധ കമന്റുകൾ പോസ്റ്റ്് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. കമന്റിന്റെ പേരിൽ, പ്രതികൾ അനീഷിനെതിരെ മുദ്രാവാക്യം വിളിച്ച് അശ്ലീല വാക്കുകളോടെ നിന്നെ ഞാൻ വെറുതെ വിടില്ല എന്നാക്ഷേപിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 120 എ, 469, 471 വകുപ്പുകളും പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന വിരുദ്ധ നിയമപ്രകാരവും, ഐടി നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഇരുപരാതികളിലും കേസ് എടുത്ത് അന്വേഷണം തുടരുകയാണ് എന്ന് പത്തനാപുരം പൊലീസ് മറുനാടനെ അറിയിച്ചു. അതേസമയം, സംഭവങ്ങൾ രാഷ്ട്രീയ പോരിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. 'നാട്ടുകാരും വീട്ടുകാരും ജനങ്ങളും എല്ലാം കുഞ്ഞ് തെറ്റുകാരെന്ന് പറഞ്ഞിരിക്കുവാണ്. എന്റെ കുഞ്ഞ് ഒരുകാലത്തും തെറ്റുചെയ്തിട്ടില്ല. ദൈവം തമ്പുരാൻ ചോദിക്കും.' അനീഷിന്റെ അമ്മ പറഞ്ഞുനിർത്തിയത് ഇങ്ങനെ.