മലപ്പുറം: നിലമ്പൂർ ടൗണിലെ ജൂവലറിയിൽ മോഷണത്തിന് ശ്രമം നടത്തിയ പ്രതി പിടിയിൽ. പോത്ത്കല്ല് കവളപ്പാറ ഇളമുടിയിൽ പ്രവീൺ (25) ആണ് നിലമ്പൂർ പൊലിസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. നിലമ്പൂർ ട്രഷറി ബിൽഡിംഗിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന സ്വർണക്കടയിലാണ് മോഷണത്തിന് ശ്രമം നടത്തിയത്.

സ്വർണ്ണക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ട്രഷറിയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലിസെത്തിയാണ് പ്രവീണിനെ പിടികൂടിയത്. ഏത് പൂട്ടും തകർക്കാൻ പറ്റുന്ന ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി, മങ്കി തൊപ്പി, മാക്‌സി, ഇവയെല്ലാം സൂക്ഷിച്ച് വെക്കാൻ ഉപയോഗിച്ച സ്‌കൂൾ ബാഗ് എന്നിവയും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ആലപ്പുഴയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഒരു കുട്ടിയുണ്ട്.

കുട്ടിക്ക് വേണ്ടി വാങ്ങിയ ഉടുപ്പുകളും ബാഗിലുണ്ടായിരുന്നു. മാസങ്ങളായി പിണങ്ങി പോയ ഭാര്യയെ അനുനയിപ്പിക്കാൻ കുട്ടിക്ക് സ്വർണമാലയുമായി ആലപ്പുഴക്ക് പോവാനായിരുന്നു മോഷണം നടത്താൻ പദ്ധതിയിട്ടതെന്ന് പ്രതി മൊഴി നൽകി. എറണാകുളം ചോറ്റാനിക്കര തിരുവാണിയൂരിലെ ഒരു ഹോട്ടലിൽ വെയിറ്ററായും, തൊടുപുഴ വെങ്ങല്ലൂരിൽ കാൻസർ സെന്ററിൽ വെൽഡിങ്ങ് ജോലിയും ചെയ്തിരുന്നതായി മൊഴി നൽകി.

ഈ മാസം 20ന് പട്ടാപകൽ മലപ്പുറം കോട്ടപ്പടിയിലെ ഒരു സ്വർണക്കടയിലും മോഷണത്തിന് ശ്രമിച്ചിരുന്നു. മലപ്പുറം നഗരത്തിലെ സ്വർണ്ണക്കടയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തി കടക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് അവിടെ നിന്നും സ്വർണ മാല എടുത്ത് ഓടുകയായിരുന്നു. ഉടൻ തന്നെ കടക്കാരും നാട്ടുകാരും പിൻതുടർന്ന് പിടികൂടുകയും ചെയ്തിരുന്നു. സംഭവത്തിൽ മാല തിരിച്ച് കിട്ടിയതിനാൽ കടക്കാർക്ക് പരാതിയില്ലാത്തതിനാൽ അന്ന് പൊലിസ് വീട്ടുകാരോടൊപ്പം വിട്ടയക്കുകയായിരുന്നു.

നിലമ്പൂർ ഇൻസ്‌പെക്ടർ ടി.എസ് ബിനുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ നവീൻഷാജ്, എം. അസൈനാർ, എഎസ്ഐമാരായ മുജീബ്, അൻവർ, സീനിയർ സി.പി.ഒ സതീഷ്, സി.പി.ഒ രജീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.