- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം വാങ്ങിയ പണം തിരികെ തരാതെ കളിക്കുന്നു; അവനെ കുറച്ചുനാൾ കിടത്തണം എന്നും പറ്റിയ ആളുണ്ടോ എന്ന് ക്വട്ടേഷൻ സംഘ തലവനോട്; ക്യത്യം നടത്തിയാൽ മൂന്നുലക്ഷം കരാർ; ഭർത്താവിന്റെ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേരളാ ബാങ്ക് ജീവനക്കാരി മുങ്ങി
കണ്ണൂർ: ഭർത്താവിന്റെ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പയ്യന്നൂർ കാനായി സ്വദേശിയും കേരള ബാങ്ക് കണ്ണൂർ ശാഖ ജീവനക്കാരിയുമായ 42കാരിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചെറുതാഴം ശ്രീസ്ഥയിലെ ഭർതൃഗൃഹത്തിൽ നിന്നും ഒളിവിൽ പോയ സീമയെ കണ്ടെത്താൻ കേസന്വേഷണ ചുമതലയുള്ള പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി ബാബു സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ബാങ്ക് ജീവനക്കാരിയുടെ കാനായിയിലെ വീട്ടിലും പൊലീസ് അന്വേഷണം നടത്തി. യുവതി എറണാകുളത്തെത്തി അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇവർ മറ്റൊരു സിം കാർഡ് ഉപയോഗിച്ച് ബന്ധുവായ പയ്യന്നൂരിലെ യുവാവിനെ വിളിച്ചതായും ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ പിലാത്തറയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് സമീപകാലത്താണ് കേരള ബാങ്കിൽ ജോലി ലഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ നാലംഗ ക്വട്ടേഷൻ സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ പി.വി സുരേഷ് ബാബുവിനെ (52) വധിക്കാൻ ശ്രമം നടന്നത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പരിയാരം ഇൻസ്പെക്ടർ കെ.വി ബാബു, എസ്‌ഐ കെ.വി സതീശൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം പൊലിസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഒളിവിൽ പോയ ഇവർ കോട്ടയം ഭാഗത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു സ്ത്രീ ക്വട്ടേഷൻ നൽകിയ സംഭവം കേരളത്തിൽ വളരെ അപൂർവ്വമാണ്.
നാലുപേരും ബിജെപി ബന്ധമുള്ളവരും ക്വട്ടേഷൻ സംഘത്തിൽപെട്ടവരാണ്. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: സംഭവം നടന്ന ഏപ്രിൽ 18ന് രണ്ടുമാസം മുമ്പാണ് കണ്ണൂർ പടന്നപ്പാലത്ത് ഫ്ളാറ്റിൽ താമസിക്കുന്ന സീമ രതീഷുമായി ബന്ധപ്പെടുന്നത്. നേരത്തെ മെഡിക്കൽ കോളജിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന സീമ തന്റെ ഭർത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും, തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചുനാൾ കിടത്തണമെന്നും, പറ്റിയ ആളുണ്ടോ എന്നും രതീഷിനോട് ചോദിക്കുന്നു.
രതീഷ് ക്വട്ടേഷൻ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് മൂവരും കണ്ണൂരിലെ സീമ ജോലി ചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരിൽ കാണുകയും കൃത്യം നടത്തിയാൽ മൂന്നുലക്ഷം രൂപ നൽകുമെന്ന കരാർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അഡ്വാൻസ് നൽകാൻ തയ്യാറായില്ല. പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഒരു ഐസ്‌ക്രീം പാർലറിൽ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു.
ഇതിനുശേഷം പ്രതികൾ ബൈക്കിൽ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടർന്നുവെങ്കിലും കൂടെ മറ്റാളുകൾ ഉണ്ടായിരുന്നതിനാൽ കൃത്യം നടപ്പിലാക്കാൻ സാധിച്ചില്ല. ഇതിനായി പ്രതികൾ കൃത്യം നടത്താൻ ഒരു ഇന്നോവ കാർ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തിൽപെട്ടതിനാൽ തിരിച്ചുകൊടുക്കേണ്ടി വന്നു.
ഈ സമയത്താണ് ഇവർ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകുന്നേരം തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുർവേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോൾ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയിൽ ഇരിക്കുന്നത് കണ്ടു. തുടർന്ന് കാർ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിർത്തിയ ശേഷം സുധിഷും ജിഷ്ണുവുമാണ് അക്രമം നടത്താൻ പോയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്