പഴയങ്ങാടി: പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് പ്രദേശവാസികൾ ഒരു കിലോ വരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി. നിർമ്മാണം നടക്കുന്ന വീട് കേന്ദ്രീകരിച്ച് അപരിചിതരായ യുവാക്കൾ സ്ഥിരമായി ബൈക്കിൽ വരുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ സംഘടിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്.

വില്പനയ്ക്കായി എത്തിച്ച കഞ്ചാവ്, ഗുളിക എന്നിവ ചെറു പാക്കറ്റുകളിലാക്കി നിറയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവ പിടികൂടുന്നത്. ഇതുമായി ബന്ധപെട്ട് മൂന്ന് പേർ ഓടി രക്ഷപെടുകയും ചെയ്തു. ഇവിടെ നിന്ന് ഒരു കിലോയോളം കഞ്ചാവ്, ഗുളിക, തുക്ക് മിഷൻ, കവറുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. തുടർന്ന് പഴയങ്ങാടി പൊലീസിൽ വിവരമറിയിച്ചുവെങ്കിലും എക്സൈസിനെ വിവരമറിയിക്കാനാണ് നിർദ്ദേശിച്ചത്.

എക്സൈസ് ഉദ്യോഗസ്ഥർ എത്തി മയക്കുമരുന്ന് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരെ കണ്ട് മയക്കുമരുന്ന് ഉപേക്ഷിച്ച് പോയ മൂവർസംഘം തിരിച്ചെത്തി നാട്ടുകാരെ ഭീഷണിപെടുത്തിയതായും പറയുന്നു. പുതിയങ്ങാടി, ഇട്ടമ്മൽ,സി കെ റോഡ് ,അങ്ങാടി, എന്നിവിടങ്ങളിൽ ഇതിനായി ചില സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നും യുവാക്കളും വിദ്യാർത്ഥികളടക്കമുള്ളവരാണ് ഇതിന്റ കണ്ണികളെന്നും നാട്ടുകാർ പറയുന്നു.

മൂന്ന് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് വില്പന സംഘത്തെ ചോദ്യം ചെയ്തതിന്റ പേരിൽ പുതിയങ്ങാടി സി.കെ.റോഡിൽ വെച്ച് രണ്ട് പേരെ അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സംഘത്തിലെ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. കണ്ണൂർ സർക്കിൾ പ്രിവന്റീവ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ.വി.പി, ഷജിത്ത് കണ്ണിച്ചി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ ദിലീപ്. സി.വി., സിവിൽ എക്സൈസ് ഓഫിസർമാരായ ഗണേശ് ബാബു, ശ്യാം രാജ് ഡ്രൈവർ പ്രകാശൻ എന്നിവർ എത്തിയാണ് മയക്കുമരുന്ന് കസ്റ്റഡിയിൽ എടുത്തത്.