കണ്ണുർ: ഇരിക്കൂറിൽ കുടുംബ വഴക്കിനിടെ മദ്യലഹരിയിൽ സഹോദരനെ ചവിട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പടിയൂർ പാലയോട് കോളനിയിലെ ശ്രീധരന്റെ മകൻ മഹേഷിനെ(37)കൊലപ്പെടുത്തിയ കേസിലാണ് അനുജൻ ബിനു(35)വിനെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജുലായ് 30ാണ് സംഭവം.

വഴക്കിനിടെ ജ്യേഷ്ഠനായ മഹേഷിന്റെ ഇടത് കണ്ണിനും മൂക്കിനും കുത്തി പരിക്കേൽപിച്ച പ്രതി സഹോദരനെ നിലത്ത് തള്ളിയിട്ട് വയറിന് ചവിട്ടിയിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെ മഹേഷ് മരണപ്പെടുകയായിരുന്നു.

വയറിനേറ്റ ആഘാതമാണ് മരണകാരണമെന്ന ഫോറൻസിക് സർജന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിൽ പ്രതിയാണ് ബിനു.