പത്തനംതിട്ട: വീട്ടിൽ വളർത്തു നായയ്ക്കും കാവൽക്കാർക്കും പകരം ആധുനിക സമൂഹം ആശ്രയിക്കുന്ന സംവിധാനമാണ് സിസിടിവി. ഇതു സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ മോഷ്ടാക്കൾ ആ വീട്ടിലേക്ക് കടക്കില്ലെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി-പെരുനാട്ടിൽ ഇന്നലെ രാത്രി നടന്ന ഒരു മോഷണം.

വീട്ടുകാർ വീടും പൂട്ടി ആശുപത്രിയിലായ സമയത്ത് മോഷ്ടാക്കൾ മോഷണം നടത്തി. അതും പുതുപുത്തൻ വീടിന്റെ ജനാല ഇളക്കി മാറ്റി. 30 പവനും 25,000 രൂപയും മോഷ്ടാക്കൾ കൊണ്ടു പോയി. പെരുനാട് മാമ്പാറ ഗോകുലിൽ പരമേശ്വരൻ പിള്ളയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വീട്ടിൽ ആരുമില്ലായിരുന്നു.

പരമേശ്വരൻ പിള്ള പേസ് മേക്കർ മാറ്റി ഘടിപ്പിക്കുന്നതിനായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അടുത്തിടെ നിർമ്മിച്ച വീടിന്റെ ജനാലയാണ് മോഷ്ടാക്കൾ പൂർണമായും ഇളക്കി മാറ്റി അകത്തു കടന്നത്. സിസിടിവി കാമറ ഉള്ളതിനാൽ മോഷ്ടാക്കളെത്തില്ല എന്ന വിശ്വാസമാണ് വിനയായത്.

രാത്രി പത്തരയോടെ അയൽവാസികൾ ശബ്ദം കേട്ട് അന്വേഷിച്ച് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു. കിടപ്പുമുറിയിലെ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനും 25,000 രൂപയുമാണ് മോഷണം പോയത്. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചയാളാണ് പരമേശ്വരൻ പിള്ള. ഭാര്യയും സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചയാളാണ്്.

സംഭവം അറിഞ്ഞ് റാന്നി ഡിവൈഎസ്‌പി മാത്യു ജോർജ്, പെരുനാട് ഇൻസ്പെക്ടർ യു. രാജീവ് കുമാർ, എസ്‌ഐ ശ്രീജിത്ത് ജനാർദ്ദനൻ എന്നിവിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദ്ഗധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധിച്ചു. പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.