കണ്ണൂർ :കണ്ണൂർ കാസർകോട് ദേശീയപാതയിലെ പയ്യന്നൂർ വെള്ളൂർ ആർ.ടി ഓഫിസിനു സമീപത്തെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കാസർകോട് വിദ്യാനഗർ ഏർമാളത്തെ കാരാട്ട് നൗഷാദി(49)നെയാണ് എസ്‌ഐ വി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. സംഭവത്തിൽ കൂട്ടുപ്രതി വിദ്യാനഗറിലെ തൗസീഫിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

പയ്യന്നൂർ സൂര്യമുക്കിലെ പൂജ ഹൗസിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വെള്ളൂർ ആർ.ടി.ഒ ഓഫിസിന് സമീപത്തെ ജെംസ് സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞമാസം രണ്ടിനാണ് കവർച്ച നടന്നത്. നിരീക്ഷണ കാമറ ദൃശ്യത്തിന്റെ സഹായത്തോടെ മുഖ്യപ്രതി കാസർകോട് സ്വദേശി അമീർ അലിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉടമ സുരേഷ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസന്വേഷണം ഊർജിതമാക്കിയിരുന്നു.

സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്ന് മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തിയ പൊലീസ് മുഖ്യപ്രതിയായ കാസർകോട് ആലമ്പാടി അക്കരംപാലം സ്വദേശി അമീറലി(22)യെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് നൗഷാദിനെ കുറിച്ച് വിവരം ലഭിച്ചത്.

സൂപ്പർ മാർക്കറ്റിൽ നിന്നും മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നൗഷാദ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടാൻ നീക്കം നടക്കുന്നതിനിടെ കാഞ്ഞങ്ങാട്ടെ കവർച്ച കേസിൽ ഹോസ്ദുർഗ് പൊലീസ് കർണാടക കാർവാറിൽ നിന്നും പിടികൂടിയിരുന്നു. വെള്ളൂരിൽ നിന്നും മോഷണം നടത്തിയ മൊബൈൽ ഫോൺ ഇയാൾ പുഴയിൽ കളഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.