- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ രഹസ്യ ഇടപാടുകൾ; അടച്ചിട്ടിരുന്ന ക്വാർട്ടേഴ്‌സ് പൊലീസ് തുറപ്പിച്ചപ്പോൾ യുവതിയും ദല്ലാൾമാരും പിടിയിൽ; പെൺവാണിഭ സംഘത്തിലെ നാലുപേർ പിടിയിലായപ്പോൾ മുഖ്യ നടത്തിപ്പുകാരൻ മുങ്ങി
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ രഹസ്യ ഇടപാടുകൾ. അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ നാല് പേർ പിടിയിലായി. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ രഹസ്യ ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ സിഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്.
എടക്കര കാക്കപ്പരത സ്വദേശി നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ബത്തേരി ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ഷംസുദ്ദീൻ (38), മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കുന്നക്കാടൻ മുഹമ്മദാലി (35) എന്നിവരാണ് പിടിയിലായത്. 14ന് രാത്രി നടന്ന പരിശോധനയിൽ ഇടപാടുകാർ ഓടിരക്ഷപെടുകയായിരുന്നു.
അടച്ചിട്ടിരുന്ന ക്വാർട്ടേഴ്‌സ് പൊലിസ് തുറപ്പിച്ച് പരിശോധിച്ചപ്പോഴാണ് തൃശൂർ സ്വദേശിയായ യുവതിയെയും ഒന്നും രണ്ടും പ്രതികളെയും കണ്ടെത്തിയത്. പരിശോധനയിൽ സ്ത്രീയെ ഉപയോഗിച്ച് പണം ഈടാക്കി പെൺവാണിഭം നടത്തുകയായിരുന്നുവെന്ന് വ്യക്തമായി. സ്ഥലത്തുനിന്നും ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ പറ്റുബുക്കും മൊബൈൽ ഫോണുകളും ഗർഭനിരോധന ഉറകളും ഇടപാടിൽ നിന്നും ലഭിച്ച പണവും പൊലിസ് കണ്ടെടുത്തു.
എടക്കര കാക്കപ്പരത സ്വദേശിയായ സുധീഷ് (35) ആണ് പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരൻ. ഓട്ടോ ഡ്രൈവറായ സുധീഷിനെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ സംഭവസ്ഥലത്തുനിന്നും തന്ത്രപരമായി രക്ഷപെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പെൺവാണിഭ കേന്ദ്രങ്ങളിലേക്ക് യുവതികളെയും വീട്ടമ്മാരെയും ഇതരസംസ്ഥാനക്കാരായ സ്ത്രീകളെയും ആവശ്യത്തിന് എത്തിക്കുന്ന ദല്ലാൾമാരും പ്രവർത്തിക്കുന്നുണ്ട്.
വിൽപ്പനക്ക് എത്തുന്ന സ്ത്രീകളെക്കാൾ വരുമാനം ഇത്തരത്തിലുള്ള ദല്ലാൾമാർക്കാണെന്ന് പൊലിസ് പറഞ്ഞു. ഒരു കേന്ദ്രം ഒന്നോ രണ്ടോ ആഴ്‌ച്ചയാണ് ഒരു സ്ഥലത്ത് പ്രവർത്തിക്കുക. അതിനിടക്ക് അടുത്ത കേന്ദ്രം കണ്ടെത്തുകയാണ് ഇവരുടെ പതിവ്. ചില കെട്ടിട ഉടമകളെയും ഇടപാടുകാരാക്കുന്നതിനാൽ വാടക ഇല്ലാതെയാണ് ഇവർക്ക് ഇടം ലഭിക്കുക. നിലമ്പൂരിൽ എത്തിയ യുവതിയെ നിലമ്പൂർ സംഘത്തിന് കൈമാറിയത് മലപ്പുറം സ്വദേശികളായ ഷംസുദ്ദീനും മുഹമ്മദലിയുമാണെന്ന് ചോദ്യം ചെയ്യലിൽ മനസിലായതോടെ ഇവരെ മലപ്പുറത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അഭിനന്ദും പ്രവീണും മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. ഇന്നലെ അറസ്റ്റിലായ ഷംസുദ്ദീനെയും മുഹമ്മദലിയെയും നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പെൺവാണിഭ സംഘങ്ങളെ കുറിച്ചും അവിടേക്ക് സ്ത്രീകളെ എത്തിക്കുന്ന ഏജന്റുമാരെക്കുറിച്ചും വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു. അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി സജു .കെ.എബ്രഹാം പറഞ്ഞു. നിലമ്പൂർ സിഐക്ക് പുറമേ എസ്‌ഐമാരായ എം. അസൈനാർ, നവീൻ ഷാജി, എഎസ്ഐ. പി. അനിൽകുമാർ, സി.പി.ഒമാരായ സുമിത്ര, രാജേഷ് ചെഞ്ചിലിയൻ, കെ. ഷിഫിൻ, സുനീഷ്, ഷിജു, സഞ്ജു എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.