കൊല്ലം: ഉമയനല്ലൂരിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉമയനല്ലൂർ തൊടിയിൽ പുത്തൻവീട്ടിൽ ബിലാൽഹൗസിൽ നിഷാനയെയാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉമയനല്ലൂർ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിഷാനയുടെ ഭർത്താവ്. നിഷാനയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടായതിനെ തുടർന്ന് കൊട്ടിയം പൊലീസ് കേസെടുത്തു.

താൻ കാണുമ്പോൾ നിഷാന ബോധരഹിതയായി അടുക്കളയിൽ കിടക്കുകയായിരുന്നുവെന്നാണ് നിഷാനയുടെ ഭർത്താവ് പറയുന്നത്. ഇയാളുടെ മൊഴിയിൽ സംശയം തോന്നിയതിനാലാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവം നടന്ന വീട് പൂട്ടി സീൽ വയ്ക്കുകയും ചെയ്തു.

നിഷാനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനും മറ്റ് നടപടികൾക്കുമായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുള്ളുവെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ നിഷാനയ്ക്ക് ജീവൻ ഉണ്ടായിരുന്നതായി പറയപ്പെടുന്നു