കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. മൂരിയാട് സ്വദേശി ഷബീർ, പൊറ്റമ്മൽ സ്വദേശി കൃഷ്ണ പ്രസാദ്, ബേപ്പൂർ സ്വദേശി ഗഫൂർ എന്നിവരാണ് കേസിൽ പിടിയിലാവാനുള്ളത്. ബംഗളൂരുവിലെ ഉൾപ്പൈട വിവിധ കേന്ദ്രങ്ങളിൽ ഇവർക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സൈബർ സെല്ലിന്റെയടക്കം സഹകരണത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ, പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. ജാമ്യം ലഭിക്കാത്തപക്ഷം ഇവർ കീഴടങ്ങാനുള്ള സാധ്യതയും ഏറെയാണ്. അറസ്റ്റിലാവാനുള്ള പ്രതികളുടെ വീടുകളിൽ കഴിഞ്ഞ ദിവസം സി -ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റുെചയ്യാനാവാത്തത് അന്വേഷണത്തെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ഹൈദരാബാദിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസിൽ അറസ്റ്റിലായ തൊടുപുഴ സ്വദേശി റസൽ, കൂട്ടാളിയായ സലീം എന്നിവർക്കും കോഴിക്കോട്ടെ സംഘവുമായി ബന്ധമുള്ളതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.