- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രിയിൽ ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് പൊലീസിന്റെ സംരക്ഷണം തേടി കോൾ; വീട്ടിൽ നിന്നും പൊലീസുകാർക്കൊപ്പം രക്ഷപ്പെട്ട യുവതിക്ക് നേരെ ഇടവഴിയിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തുവാൻ ശ്രമം; ഞെട്ടിക്കുന്ന സംഭവം കാസർകോട്ടെ മൊഗ്രാൽപുത്തൂരിൽ
കാസർകോട് : കഴിഞ്ഞ ദിവസം രാത്രി കാസർകോട് സംഭവിക്കുമായിരുന്ന വലിയ അത്യാഹിതം പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മൊഗ്രാൽ പുത്തൂരിലെ ജനങ്ങൾ .
പുലർച്ചെ മൂന്ന് മണിക്ക് കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കാൾ വരുന്നു.സാർ ഉടനെ എത്തണം എന്റെ ഭർത്താവ് വല്ലാതെ ഉപദ്രവിക്കുന്നു. വല്ലാതെ പരിഭ്രമിച്ച ഒരു സ്ത്രീയായിരുന്നു ഫോണിൽ വിളിച്ചത്.പൊലീസ് കൃത്യമായ സ്ഥലം ചോദിച്ചറിഞ്ഞു.ഒട്ടും താമസിയാതെ നേരെ സംഭവ സ്ഥലത്തേക്ക് കുതിച്ചു .
മൊഗ്രാൽ പുത്തൂരിലെ വീട്ടിലെത്തിയ പൊലീസ് കാണുന്നത് ഭയന്ന് വിറച്ചു നിൽക്കുന്ന യുവതിയെയാണ്. വിവരങ്ങൾ ചോദിച്ചറിഞ്ഞ എ എസ് ഐ , കെ വി ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ജെയിംസ് എന്നിവർ യുവതിയെയും മൂന്ന് കുട്ടികളെയും വീട്ടിൽ നിന്നും മാറ്റാൻ തീരുമാനിച്ചു. ഇവരെയും കൊണ്ട് വീടും പൂട്ടി ഇറങ്ങി ഇടവഴിയിൽ എത്തിയപ്പോൾ ഇരുളിന്റെ മറവിൽ ഒരു മതിലിന്റെ മുകളിൽ നിന്ന് ഭർത്താവ് യുവതിയുടെ നേർക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന പൊലീസുകാരുടെ ശരീരത്തിലും പെട്രോൾ വീണു. യുവാവ് തീ കൊളുത്താൻ തീപ്പെട്ടി എടുത്തെങ്കിലും പൊലീസ് തിരിച്ചടിച്ചതോടെ ഇയാൾ മതിൽ കടന്ന് ഇരുളിന്റെ മറവിൽ ഓടിക്കളഞ്ഞു. പ്രതികരിക്കാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ പൊലീസുകാരുൾപ്പെടെ എല്ലാവർക്കും പൊള്ളൽ ഏൽക്കുമായിരുന്നു. അതിസാഹസികമായണ് യുവതിയെ ഇവിടെ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് (26) നെതിരെ ഇൻന്ത്യൻ ശിക്ഷാ നിയമം 307-ാം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. യുവതിയെ ദ്രോഹിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മറ്റു കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകളും കേസ് ഉൾപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും പൂഴിത്തൊഴിലാളിയുമാണ് യുവാവ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നുവരുന്നു.