- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ മുഖംമൂടിയണിഞ്ഞ് ബൈക്കിലെത്തി മാല പൊട്ടിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ: പൊലീസ് പരിശോധിച്ചത് നൂറോളം സി.സി.ടി.വി ക്യാമറകൾ

കണ്ണൂർ: മുഖംമൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി വയോധികയുടെ ഉൾപ്പെടെ മാലപൊട്ടിച്ച് രക്ഷപ്പെടുന്ന മോഷ്ടാക്കളെ 150 കിലോമീറ്ററോളം സഞ്ചരിച്ച് പത്ത് ദിവസത്തോളം പിന്തുടർന്ന് പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ ഗേൾസ് സ്‌കൂളിനു സമീപം ബാർബർ ഷോപ്പിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന തൃക്കരിപ്പൂർ കൊയോങ്കരയിലെ ശ്രീനിലയത്തിൽ രാമചന്ദ്രൻ (29), അന്നൂർ കിഴക്കേ കൊവ്വലിലെ ടൈൽസ് തൊഴിലാളിയായ പുതിയപുരയിൽ ലിജേഷ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ശ്രീകണ്ഠാപുരം, മട്ടന്നൂർ, പയ്യന്നൂർ പൊലിസിന്റെ സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ 17ന് ഉച്ചയ്ക്കാണ് രാമചന്ദ്രനും വിജീഷും ശ്രീകണ്ഠാപുരത്ത് നിന്നും വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്. ശ്രീകണ്ഠാപുരം കോട്ടൂരിലെ കൂടത്തിൽ ഹൗസിൽ മാധവി അമ്മ(82)യുടെ കഴുത്തിലണിഞ്ഞ രണ്ടു പവന്റെ മാലയാണ് പൊട്ടിച്ച് രക്ഷപ്പെട്ടത്. മുഖംമൂടി അണിഞ്ഞതിനു പിന്നാലെ സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റും മാറ്റിയാണ് ഇരുവരും മാല പൊട്ടിക്കാനെത്തിയത്.
ഇതിനിടെ മോഷണ സംഘം ഇക്കഴിഞ്ഞ 23ന് മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴശിയിലും എത്തി. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പഴശിയിലെ ദേവകിയുടെ കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാലയും കവർന്ന് രക്ഷപ്പെട്ടു. ഇതോടെ മട്ടന്നൂർ, ശ്രീകണ്ഠപുരം പൊലീസ് സംയുക്തമായി അന്വേഷണമാരംഭിക്കുകയായിരുന്നു.
എന്നാൽ തുടക്കത്തിൽ പൊലിസ് നിരവധി നിരീക്ഷണ കാമറകൾ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഇതിനിടെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ജയദേവന്റെ അന്വേഷണ മികവ് കേസിൽ നിർണായകമായി.മാല മോഷണ കേസിലെ പ്രതികളെ പിടികൂടാൻ പൊലിസ് സമാനതകളില്ലാത്ത അന്വേഷണമാണ് നടത്തിയത്.
മട്ടന്നൂരിൽ നിന്നും ശ്രീകണ്ഠാപുരത്ത് നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ പൊലിസ് ജില്ലയിലെ വിവിധ ഭാഗങ്ങൾ അരിച്ചുപൊറുക്കി.100 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു ശിവപുരം, മട്ടന്നൂർ, പഴശ്ശി, കൂത്തുപറമ്പ്, മമ്പറം, കടമ്പൂർ, എടക്കാട്, ചാല, ചൊവ്വ, കണ്ണൂർ എ.കെ.ജി, പുതിയതെരു, വളപട്ടണം, പാപ്പിനിശേരി, കണ്ണപുരം, പഴയങ്ങാടി, മുട്ടം, കൊവ്വപുറം, കുഞ്ഞിമംഗലം, എടാട്ട്, പെരുമ്പ, അന്നൂർ, തളിപ്പറമ്പ് എന്നിങ്ങനെ 150 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് മോഷ്ടാക്കളിൽ എത്തുന്നത്. സി.സി.ടി.വി പരിശോധിച്ചപ്പോൾ സ്‌കൂട്ടറിന്റെ വിവരങ്ങൾ ഏതാണ്ട് മനസിലായി.
എന്നാൽ രണ്ടു പേരും ഹെൽമെറ്റും മാസ്‌കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ഇവർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പറും വ്യാജമായിരുന്നു. 10 ദിവസം രാപ്പകലില്ലാതെ അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. മറ്റ് മോഷണ കേസുകളിലൊന്നും പ്രതിയായ ആളുകളായിരുന്നില്ല ഇരുവരും. അതുകൊണ്ടു തന്നെ ഇവരിലേക്ക് എത്താൻ പൊലീസിനു കൂടുതൽ തെളിവുകൾ ആവശ്യമായിരുന്നു. രണ്ടുപേരും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ സംഘം പയ്യന്നൂർ തമ്പടിച്ചു.
പയ്യന്നൂർ എസ്‌ഐ വി.യദുകൃഷ്ണൻ, എഎസ്ഐ നികേഷ് എന്നിവരും പ്രതികളെ പിടികൂടാൻ സഹായിച്ചു. ശ്രീകണ്ഠപുരം പ്രിൻസിപ്പൽ എസ്‌ഐ സുബീഷ് മോൻ, എസ്‌ഐ എ.വി ചന്ദ്രൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവൻ, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. തൊണ്ടി പയ്യന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പൊലിസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.


