- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരവിപുരത്ത് ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി
ഇരവിപുരം: ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ ശേഷം കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം ഇരവിപുരം പൊലീസ് പിടികൂടി. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ നിരവധി കേസുകളിൽ പ്രതിയായ യുവാവാണ് പിടിയിലായിട്ടുള്ളത്. നാവായിക്കുളം പട്ടാളം മുക്കിന് സമീപം മുനീറാമൻസിലിൽ ഷഹാർ (30) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പത്തരയോടെ തട്ടാമല അഞ്ചു കോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഉപദേവതകളുടെ ക്ഷേത്രങ്ങൾക്കുമുന്നിൽ സ്ഥാപിച്ചിരുന്ന നാലു വഞ്ചികൾ ഇയാൾ കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു.
ക്ഷേത്രവളപ്പിലെ ശാന്തി മഠത്തിൽ താമസിച്ചിരുന്ന ക്ഷേത്രം ശാന്തി ശബ്ദം കേട്ട് മുറിക്കുള്ളിൽ നിന്നുനോക്കിയപ്പോൾ ഒരാൾ വഞ്ചിക്ക് സമീപം നിൽക്കുന്നതായി കാണപ്പെട്ടു. തുടർന്ന് ശാന്തി അടുത്ത വീട്ടുകാരെയും ക്ഷേത്രം ഭാരവാഹികളെയും വിവരം അറിയിക്കുകയായിരുന്നു. അടുത്ത വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു.
വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്വങ്ങൾ ശേഖരിച്ച ശേഷം കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെയും, അസി.കമീഷണറുടെയും നിർദ്ദേശ പ്രകാരം പ്രദേശമാകെ പൊലീസ് വളയുകയും പ്രതി രക്ഷപെടാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പേരിൽ ആറ്റിങ്ങൽ സ്റ്റേഷനിൽ അഞ്ചു കേസുകൾ നിലവിലുണ്ട്.ഇരവിപുരം കാവൽപ്പുരയിലുള്ള ഒരു ആക്രി കടയിൽ പകൽ സമയം ജോലി നോക്കിയ ശേഷം രാത്രിയിലാണ് മോഷണത്തിനായി റ ങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ അടുത്തിടെ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നറിയുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇരവിപുരം എസ്.എച്ച്.ഓ. അനിൽകുമാർ, എസ്‌ഐ.മാരായ അരുൺ ഷാ, ദീപു, അനുരൂപ, ജയകുമാർ, ദിനേശ് കുമാർ, ഷാജി, സി.പി.ഓ.മാരായ വിനു വിജയ്, അനീഷ്, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.