പുനലൂർ : 3 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികൾ എക്‌സൈസ് പിടിയിൽ. ആന്ധ്രാപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരിമാഫിയയിൽ ഉൾപെട്ടവരാണ് ഇവർ. ടി സംഘം ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു രഹസ്യമായി ഹാഷിഷ് ഓയിൽ എത്തിച്ചു മൊത്ത കച്ചവടം നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി റോബർട്ടിന്റെ നേതൃത്വത്തിലുള്ള കൊല്ലം എക്‌സൈസ് ഷാഡോ അംഗങ്ങളായ അശ്വന്ത്. എസ്. സുന്ദരം, എ.ഷാജി, വിഷ്ണു. ഒ.എസ് എന്നിവർ ഒരു മാസത്തോളമായി 'ഓപ്പറേഷൻ ഡെവിൾ ഹണ്ട്'' എന്ന
പേരിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഈ വൻ സംഘത്തെ കുടുക്കിയത്. ആന്ധ്രാ വിശാഖപട്ടണം ധനഡു കൊണ്ട സ്വദേശി പംഗ്ലി ഈശ്വരമ്മ(35), വിശാഖപട്ടണം കുന്തർലാ സ്വദേശി കോട എൽസാകുമാരി (23) എന്നിവർ ആണ് അറസ്റ്റിലായത്. ഇവരെ എട്ടാം
തീയതി വൈകുന്നേരത്തോടുകൂടി പുനലൂർ ചെമ്മന്തൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേ അടിപ്പാത ഭാഗത്തു നിന്നാണ് ഏക്‌സൈസ് സംഘം പിടികൂടിയത്. അന്താരാഷ്ട്ര മാർകറ്റിൽ '3 കോടിയോളം രൂപ വിലമതിക്കുന്ന 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ്
സംഘം പിടികൂടിയത്.

ഹൈദ്രരാബാദ് - ബോംബെ - ബംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരിമാഫിയയിലെ കണ്ണികൾ ആണ് ഇവർ. ഒന്നാം പ്രതി പംഗ്ലി ഈശ്വരമ്മയുടെ ഭർത്താവ് പംഗ്ലി വെങ്കിടേശ്വരലു ഹൈദ്രബാദ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്. ഇയാൾ മറ്റൊരു ലഹരി കടത്തു കേസിൽ ഉൾപ്പെട്ടു നിലവിൽ ആന്ധ്രാപ്രദേശ് അടവിവാരം സെൻട്രൽ ജയിലിലാണ്. തുടർന്ന് ലഹരി സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത പംഗ്ലി ഈശ്വരമ്മ, ലഹരി കച്ചവടം നേരിട്ട് ഏറ്റെടുത്തു നടത്തുകയായിരുന്നു. അതീവ രഹസ്യമായ ഇവരുടെ കച്ചവട തന്ത്രം
എക്‌സൈസ് സംഘത്തെ പോലും അദ്ഭുതപ്പെടുത്തും വിധമായിരുന്നു.

കോവിഡ് പ്രശനങ്ങൾ മൂലം ട്രെയിനുകളിൽ പരിശോധനകൾ കൂടുതലുള്ളതിനാൽ പിടിക്കപെടുവാതിരിക്കുവാൻ ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ശേഷം ഒന്നാം പ്രതി പംഗ്ലി ഈശ്വരമ്മ തന്റെ അടിവയറിൽ കെട്ടി വെച്ച് ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം നേരിട്ട് എത്തി, ആവശ്യക്കാർക്ക് ഓയിൽ കൈമാറുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. ട്രെയിൻ മാർഗം കായംകുളം എത്തിയ ഇവർ, കായംകുളം എത്തുന്നതിനു തൊട്ടു മുൻപ് തന്നെ ട്രെയിനിലെ ടോയ്‌ലെറ്റിൽ കയറി ഹാഷിഷ് ഓയിൽ ബാഗിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് കായംകുളത്തു നിന്നും പ്രതികൾ ബസ്സിൽ ആണ് പുനലൂർ എത്തിയത്. പുനലൂർ ഉള്ള ഒരാൾ ആവശ്യപ്പെട്ടത് അനുസരിചാണ് യുവതികൾ ഹാഷിഷ് ഓയിൽ കടത്തി കൊണ്ട് വന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

സ്ത്രീകൾ എന്നതിനാൽ ആരും കൂടുതൽ സംശയിക്കില്ല എന്നത് ഇവരുടെ പ്രവർത്തനത്തിന് കൂടുതൽ സഹായമായി. ലഹരി വസ്തക്കൾ കടത്തുന്നതിനായി കൂട്ടാളികളായി പംഗ്ലി ഈശ്വരമ്മ കണ്ടെത്തിയിരുന്നത് കോളേജ് വിദ്യാർത്ഥിനികളെ ആയിരുന്നു. രണ്ടാം പ്രതി കോട
എൽസാകുമാരി ആയ്ധ്രാപ്രദേശിൽ തന്നെയുള്ള ഒരു പ്രമുഖ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. വിദ്യാർത്ഥികളെ ലഹരിക്ക് അടിമപ്പെടുത്തി അവരെ ക്യാരിയർമാരാക്കിമാറ്റുകയായിരുന്നു. അന്തർ സംസ്ഥാന യാത്രകളിൽ ഭാഷാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ഇവർ വിദ്യാർത്ഥികളെ ഉപയോഗിച്ച് വരുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

കഞ്ചാവിൽ നിന്ന് വാറ്റിയെടുക്കുന്ന മാരക മയക്കുമരുന്നാണ് ഹാഷിഷ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ''കന്നാബിനോയിഡ്‌സ്'''' മനുഷ്യനിൽ മാരകമായ ലഹരി ഉളവാക്കുകയും, സ്വബോധം നശിപ്പിക്കുകയും ചെയ്യുന്നു. കഞ്ചാവിനേക്കാൾ അഞ്ച് ഇരട്ടിയോളം ലഹരിയേറിയ ഇതിന്റെ ഉപയോഗം മൂലം മരണം വരെ സംഭവിക്കാം. ഒരു കിലോയിൽ കൂടുതൽ ഹാഷിഷ് ഓയിൽ കൈവശം വെക്കുന്നത് എൻ.ഡി.പി.എസ് നിയമ പ്രകാരം പത്ത് വർഷം മുതൽ ഇരുപത് വർഷം വരെ തടവും, രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സംഭവവുമായി ബന്ധപെട്ടു എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഇവരുടെ സഹായികളെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുള്ളതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. കൂടുതൽ പ്രതികളുടെ അറസ്റ്റിലേക്ക് വിരൽ ചൂണ്ടും വിധമാണ് അന്വേഷണം പുരോഗമിക്കുന്നത് എന്ന് കൊല്ലം അസിസ്റ്റന്റ്എക്‌സൈസ് കമ്മിഷണറും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വി. റോബർട്ട് അറിയിച്ചു.

കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി .റോബർട്ടിന്റെ നിർദ്ദേശപ്രകാരം പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുദേവന്റെ നേതൃത്തിലുള സംഘമാണ് കേസ് കണ്ടെത്തിയത്. സംഘത്തിൽ അഞ്ചൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു.എൻ.
ബേബി , പ്രിവന്റിവ് ഓഫീസർമാരായ കെ. പി. ശ്രീകുമാർ, വൈ. ഷിഹാബുദ്ദീൻ, കൊല്ലം എക്‌സൈസ് ഷാഡോ അംഗങ്ങളായ അശ്വന്ത്.എസ്.സുന്ദരം, എ. ഷാജി, വിഷ്ണു.ഒ.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ റോബിൻ, ബിനു എന്നിവരും, വനിതാ സിവിൽ എക്‌സൈസ്
ഓഫീസർമാരായ സരിത. വി, ദീപാ.എൻ.പി എക്‌സൈസ് ഡ്രൈവർ രഞ്ജീഷ് ലാൽ എന്നിവരും ഉണ്ടായിരുന്നു. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതീകളെ റിമാൻഡ് ചെയ്തു.