തലശേരി: പട്ടാപകൽ തലശേരി നഗരസഭാ ഓഫിസിൽ കടന്നു കയറി മൊബൈൽ ഫോൺ മോഷ്ടിച്ചു രക്ഷപ്പെട്ടയാൾക്കായി സൈബർ പൊലിസ് അന്വേഷണമാരംഭിച്ചു ഇതിനായുള്ള ഫോൺ രേഖകൾ സെല്ലിന് കൈമാറി. നഗരസഭാ സെക്രട്ടറിയെ കാണാനെന്ന വ്യാജേന തലശ്ശേരി നഗരസഭ ഓഫീസിലെത്തിയ അപരിചിതനായ മദ്ധ്യവയസ്‌കനാണ് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് പ്രേമന്റെ 20,000 ത്തോളം വിലപിടിപ്പുള്ള മൊബൈൽ ഫോൺ കവർന്ന് കൂളായി സ്ഥലം വിട്ടത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. സെക്രട്ടറിയുടെ മുറിക്ക് പുറത്തെ മേശയുടെ മുകളിലായിരുന്നു ഫോൺ വച്ചിരുന്നത് - അപരിചിതൻ കയറി വരുന്നതും ഫോൺ എടുത്ത് പാസ്റ്റിന്റെ പോക്കറ്റിൽ ഇടുന്നതുമായ ദൃശ്യം നഗരസഭ ഓഫീസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെക്രട്ടറിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നതിനിടയിൽ അവസരം നോക്കിയായിരുന്നു അപഹരണം..തോളിൽ ബാഗും തൂക്കിയാണ് ഇയാൾ നഗരസഭ ഓഫീസിലെത്തിയത്.

ഫോണെടുത്ത് പാന്റ്‌സിന്റെ പോക്കറ്റിലിട്ട ശേഷം ഏണിപ്പടി കയറി നഗരസഭ ചെയർപേഴ്‌സന്റെ ഓഫീസിലുമെത്തി. മംഗലാപുരത്ത് പോയി തിരിച്ചെത്തിയ തന്നെ ബസിൽ നിന്ന് ഇറക്കി വിട്ടെന്നും യാത്രക്ക് പണം വേണമെന്നും പറഞ്ഞാണ് ഓഫീസിലുണ്ടായിരുന്നവരെ സമീപിച്ചത്. ജനമൈത്രി പൊലീസിനെ കണ്ടു കൊള്ളാൻ ജീവനക്കാർ പറഞ്ഞതോടെ മോഷ്ടാവ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. സംഭവം സംബന്ധിച്ച് ജീവനക്കാരൻ തലശ്ശേരി പൊലീസിന് വിവരം നൽകിയിട്ടുണ്ട്. കേസിലെ പ്രതിക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.