കണ്ണുർ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മെയിൻ റോഡിലെ വി.വി കുഞ്ഞിരാമൻ ജൂവലറി ഉടമ തൃച്ചംബരത്തെ വാണിയം വളപ്പിൽ വി.വി.രാജേന്ദ്രൻ(62), എന്ന രാജു തളിപ്പറമ്പിലെ കുഞ്ഞിപ്പുരയിൽ വീട്ടിൽ കെ.പി.വസന്തരാജ്(45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.

വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രൻ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപ്രൈസറെ സ്വാധീനിച്ച് പണയം വെക്കാനും എല്ലാ തന്ത്രങ്ങളും മെനഞ്ഞത് അറസ്റ്റിലായ രണ്ടുപേരാണെന്ന് പൊലീസ് പറഞ്ഞു
ബാങ്കിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ബാങ്ക് പരിശോധന പൂർത്തിയാക്കി പരാതി നൽകുമ്പോഴേക്കും സംഭവത്തിൽ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസർ രമേശൻ ആത്മഹത്യ ചെയ്തിരുന്നു. തുടർന്നാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തളിപ്പറമ്പ് ഡിവൈഎസ്‌പി ടി. കെ രത്നാകുമാർ, സിഐ എ. വി ദിനേശൻ, എസ്ഐ പി. സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജസ്വർണം പണയം വെച്ചവരെയും അടക്കം ചോദ്യം ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ചോദ്യം ചെയ്യലിൽ വ്യാജ സ്വർണം പണയം വെച്ചതിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ 17 പ്രതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.