തലശ്ശേരി: മാരുതി ഒമിനിയിൽ കടൽമണൽ വ്യാപാരം നടത്തുന്ന വനിതാ ഏജന്റ് പിടിയിൽ. ആദി കടലായിലെ കെ.പി. ഹൗസിൽ കെ.പി.സീനത്തിനെയാണ് (42) തോട്ടട കടപ്പുറത്ത് നിന്നും പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എടക്കാട് പൊലീസ് പിടികൂടിയത്. കെ.എൽ.07-എ.ജി.322 വാഹനത്തിൽ നിന്നാണ് സീനത്തിനെ അറസ്റ്റ് ചെയ്തത്.

ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ആവശ്യക്കാർക്ക് കരിഞ്ചന്തയിൽ മണൽ എത്തിച്ചു നൽകി വരുന്ന ഏജന്റാണ് സീനത്തെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധനം നിലവിലുള്ള തീരത്ത് നിന്നും മണലൂറ്റുന്നത് പൊലീസ്സ് നിരീക്ഷിച്ചുവരികയായിരുന്നു. കടൽക്കരയിൽ പെട്ടെന്ന് പൊലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ മാരുതി ഒമിനിയുടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഉപേക്ഷിച്ച വാഹനം പരിശോധിച്ചതിൽ 25 ചാക്കുകളിലായി നിറച്ച കടൽമണൽ കണ്ടെത്തി.ഇത് പൊലീസ് കസ്റ്റഡിയിലെടുത്ത് റവന്യ അധികൃതർക്ക് കൈമാറി.