കൊല്ലം: വാളത്തുംഗൽ സഹൃദയ ക്ലബ്ബിന് സമീപം കുടുംബപ്രശ്‌നം മൂലം ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൊഴി നൽകിയ അയൽവാസിയുടെ വീടും വീടിനു മുന്നിൽ വച്ചിരുന്ന സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് വാളത്തുംഗൽ മങ്കാരത്ത് കിഴക്കതിൽ രജിയുടെ നേർക്കാണ് ഭർത്താവായ ജയൻ ആസിഡ് ആക്രമണം നടത്തിയത്. ഈ കേസിൽ മൊഴി നൽകിയ അയൽവാസിയായ മങ്കാരത്ത് കിഴക്കതിൽ ശ്രീജയുടെ വീടിനും സ്‌കൂട്ടറിനുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി ജയൻ തീ വച്ച് നശിപ്പിച്ചത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീജയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന ജയൻ വീടിനുമുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി എടുക്കുകയും ഇതുപയോഗിച്ച് വീടും ശ്രീജയുടെ സ്‌കൂട്ടറും തീയിടുകയുമായിരുന്നു.

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട ശ്രീജയും ഭർത്താവ് സുജിനും ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും കത്തി നശിക്കുകയും വീടിന്റെ വയറിങ്ങ് ഉൾപ്പെടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

തുടർന്ന് ഇരവിപുരം പൊലീസിൽ വിവരമറിയിക്കുകയും ഇരവിപുരം പൊലീസ് സംഭവസ്ഥലത്തെത്തി ഇയാൾക്കായി വ്യാപക തിരിച്ചിൽ നടത്തുകയും തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

ആസിഡ് ആക്രമണ കേസിൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ജയൻ ഭാര്യ രജിയെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ രജിയുടെ വീടിനു നേരെ കല്ലുകളും കുപ്പിച്ചില്ലുകളും വാരിയെറിഞ്ഞു ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ രജി ഞായറാഴ്ച ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.