കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയിഡിൽ നിരവധി പേർ പൊലീസ് വലയിലായി. കേരളത്തിൽ പൊലീസ് സംസ്ഥാന വ്യാപകമായി ഞായറാഴ്‌ച്ച രാവിലെ മുതൽ നടത്തിയ പി- ഹണ്ട് റെയിഡിൽ നിരവധി പേരാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഡാർക്ക് നെറ്റ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൗൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി രാജ്യാന്തര കുറ്റാന്വേഷണ സംഘമായ ഇന്റർപോളുമായി കേരളാ പൊലീസ് സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്.

കണ്ണൂർ സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ രണ്ടു പേർക്കെതിരെ പൊലീസ് ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സൈബർ പൊലീസ് സ്റ്റേഷന്റെയും സെല്ലിന്റെയും നേതൃത്വത്തിലാണ് കണ്ണൂർ സിറ്റി പൊലീസ് റെയിഡ് നടത്തിയത്.

പ്രതികളിൽ നിന്നും അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും രണ്ടു ഫോണുകളും ഒരു പെൻ ഡ്രൈവും റെയിഡിൽ പൊലീസ് പിടികൂടി. പിടികൂടിയ ഫോണുകളും പെൻ ഡ്രൈവും വിദഗ്ധ പരിശോധനക്കായി ഫോറെൻസിക് വകുപ്പിന് അയച്ചുകൊടുക്കും.

അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തിൽ പ്രത്യേക വിഭാഗം തന്നെ ഇന്റർപോളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പൊലീസ് ഇന്റർപോളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്. ഇത്തരം വ്യക്തികളെ വളരെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുന്നത്