കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരത്ത് കവർച്ചയ്ക്കിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ച സംഭവത്തിൽ മൂന്ന് അസം സ്വദേശികളെ കസ്റ്റഡിയിലെടുത്തതായി കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി അറിയിച്ചു. വാരത്ത് കവർച്ചയ്ക്കിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ ആയിഷ മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷത്തിനൊടുവിലാണ് ആസാം കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി കസ്റ്റഡിയിലെടുത്തത്.

അസം സ്വദേശികളായ ഇവർ ആയിഷയുടെ വീടിനു മുന്നിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിലെ തൊഴിലാളികളാണ്. അസം തൊഴിലാളികൾ അവിടെ താമസിച്ചു തന്നെയാണ് ജോലി ചെയ്തിരുന്നത് നേരറ്റത്ത പൈപ്പ് വെള്ളം നൽകാത്തതിന് ഇവർ ആയിഷയുമായി വാക്കേറ്റം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്.

നെഞ്ചിന് ഏറ്റ ചവിട്ടാണു ആയിഷയുടെ മരണകാരണമെന്നും ശ്രീജിത്തുകൊടേരി പറഞ്ഞു. ആയിഷയുടെ ഇരു ചെവിക്കും അഞ്ചു സെന്റി മീറ്റർ നീളത്തിൽ മുറിവു സംഭവിച്ചിട്ടുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
കവർച്ചയ്ക്കിടെ ക്രൂരമായ മർദനത്തിന് ഇരയായതാണ് ചതുരക്കിണറിനു സമീപത്തെ ആയിഷയുടെ മരണത്തിന് പിന്നിലെ ദുരൂഹത വർധിപ്പിച്ചത്.

കഴിഞ്ഞ 23നു പുലർച്ചെയാണ് ആയിഷ അക്രമത്തിന് ഇരയായത്. പ്രാർത്ഥന നടത്താൻ വേണ്ടി എഴുന്നേറ്റ ഇവർ വീട്ടിനകത്തെ പൈപ്പിൽ നിന്നു വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നിലെ വാതിൽ തുറന്നു പുറത്ത് ഇറങ്ങിയ സമയത്താണ് അക്രമിക്കപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ ആയിഷയുടെ നിലവിളി കേട്ട് അയൽവാസിയായ ഇബ്രാഹിമാണ് ആദ്യം ഓടി എത്തിയത്.

വീടിന്റെ പിറകിൽ ആയിഷ വീണു പിടയുകയായിരുന്നുവെന്ന്ഇബ്രാഹിം പറഞ്ഞു. കാതുകൾ രണ്ടും അറ്റു തൂങ്ങുകയും മുഖത്ത് ചോര കല്ലിക്കുകയും പല്ലുകൾ ഇളകിയ നിലയിലും ആയിരുന്നു. വാരിയെല്ലുകൾക്കു ഉൾപ്പെടെ ശക്തമായ ക്ഷതം സംഭവിച്ചതായി കണ്ണൂർ മിംസ് ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അക്രമികളുമായി നടത്തിയ മൽപിടിത്തത്തിലാണ് പരുക്കു പറ്റിയത് എന്നാണ് അയൽക്കാരുടെ സംശയം. ആരോഗ്യ നില കൂടുതൽ വഷളായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വ്യാഴാഴ്‌ച്ച രാവിലെയാണു മരിച്ചത്.

ആയിഷയെ ആക്രമിച്ച് കമ്മൽ കവർന്ന സംഭവം നാട്ടുകാരിൽ ദുരൂഹതയും ഭീതിയും ഉയർത്തിയിരുന്നു രണ്ടു നിലകളുള്ള ഓടിട്ട വീട്ടിൽ തനിച്ചാണ് ആയിഷ താമസിച്ചിരുന്നത്. ഒട്ടേറെ വീടുകൾക്ക് മധ്യത്തിലാണ് ആയിഷയുടെ വീട്. മിക്ക വീടുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കവർച്ച നടന്ന് ആറു ദിവസമായിട്ടും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്‌ക്കെത്തിയ പൊലീസ് നായ വീടിനു മുന്നിലെ വഴിയിലൂടെ വയൽ ഭാഗത്തേക്കാണ് പോയത്. ഈ ഭാഗത്ത് വീടുകൾ കുറവാണ്.

ഇതിനാൽ പ്രദേശത്തെ കുറിച്ച് വ്യക്തമായ വിവരം ഉള്ളവരാണ് കവർച്ച നടത്തിയതെന്നു സൂചന ലഭിച്ചിരുന്നു. ഇതു കൂടാതെ വീട്ടിനകത്തു സൂക്ഷിച്ച പണമോ ആഭരണമോ നഷ്ടപ്പെട്ടിട്ടില്ലെന്നും ആയിഷയുടെ അടുത്ത ബന്ധുക്കൾ പറഞ്ഞു. ഇവരുടെ കാതിൽ രണ്ടുവീതം കമ്മലുകൾ ഉണ്ടായിരുന്നു. ഇതിൽ മുകളിലത്തെ കമ്മൽ മാത്രമാണ് നഷ്ടപ്പെട്ടത്. ഇതിൽ ഒന്ന് സംഭവം നടന്ന സ്ഥലത്തുനിന്നു തന്നെ പൊലീസിന് ലഭിക്കുകയും ചെയ്തു. ആയിഷയുടെ വീടിനു മുൻപിൽ മറ്റൊരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളാണ് കസ്റ്റഡിയിലായ മൂന്നു പേർ.സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തി അന്വേഷണം നടത്തി. സിറ്റി പൊലീസ് അസി. കമ്മീഷണർ പി.പി.സദാനന്ദൻ, പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല.