മലപ്പുറം: സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് കാപ്പ നിയമം ചുമത്തി മലപ്പുറം ജില്ലയിൽ നിന്ന് നിലമ്പൂർ സ്വദേശിയെ നാടുകടത്തി. നിലമ്പൂർ ചക്കാലക്കുത്ത് പട്ടരാക്ക തേക്കിൽവീട്ടിൽ ശദാബി (40) നെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പൊലീസ് മേധാവി സുജിദ് ദാസിന്റെ സ്പെഷ്യൽ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാളെ വിലക്കി കൊണ്ട് തൃശൂർ മേഖല ഡെപ്യൂട്ടി പൊലിസ് ഇൻസ്പെക്ടർ ജനറൽ എ.അക്‌ബർ ഉത്തരവിറക്കി. ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പൊലിസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് നടപടി.

മമ്പാട് ഒരു വീട്ടിൽ കയറി സ്ത്രീയെയും മകനെയും മർദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറിൽ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങി നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ 2015 മുതൽ 7 കേസുകളാണ് ഇയാൾക്കെതിരേ ഉള്ളത്. 2020ലാണ് കൂടുതൽ കേസുകളും ചാർജ് ചെയ്തത്.

ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ, നിലമ്പൂർ പൊലിസ് സ്റ്റേഷനിലോ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസിലോ വിവരം അറിയിക്കണമെന്നും പൊലിസ് അറിയിച്ചു. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽപെട്ട നാല് പേരെ കൂടി കാപ്പ ചുമത്തി നാടുകടത്തുന്നതിന് പൊലിസ് നീക്കമുണ്ടെന്നറിയുന്നു.