- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുകുറ്റകൃത്യത്തിലും ഒരു തെളിവ് അവശേഷിക്കും; കാസർകോഡ് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ; തുമ്പായത് ആരും അറിയാത്ത മരത്തിന്റെ ഇടയിലെ മൂന്നാം കണ്ണ്
സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂരിൽ വച്ചാണ് മൂന്ന് പ്രതികളും പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആരും കാണുന്നില്ല എന്ന് നിരവധി തവണ ഉറപ്പ് വരുത്തിയതിന് ശേഷമാണ് കൊള്ള സംഘം കണ്ണൂർ ഏച്ചിലാം വയലിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചേർന്നത്.
ഒരു ഈച്ച പോലും ഇല്ലാതെ ആ പ്രദേശത്ത് ദൈവത്തിന്റെ കണ്ണുകളായി ഒരു മരത്തിനിടയിൽ ആരും കാണാതെ ഒളിപ്പിച്ച നിലയിൽ ഒരു സി സി ടി വി ക്യാമറ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ ചിലർ മാലിന്യം കൊണ്ട് തള്ളുന്നത് പിടികൂടാൻ സ്ഥലഉടമ സ്ഥാപിച്ച ക്യാമറ. ഇതിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമായിരുന്നു പൊലീസിന് ലഭിച്ച തുമ്പ് . കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർക്ക് അത് മാത്രം മതിയായിരുന്നു പ്രതികളിലേക്ക് എത്താൻ .
കാസർകോട് മൊഗ്രാൽ പുത്തൂരിൽ പാലത്തിന് സമീപത്ത് നിന്നും സപ്തംബർ 22 ന് ബുധനാഴ്ച ഉച്ചയോടെ, തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്.
കെ എ 19 എം ഡി 9200 നമ്പർ ഇന്നോവ കാറിൽ വരുമ്പോഴാണ് മൂന്ന് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെതെന്നാണ് വിവരം. പണം കൊള്ളയടിച്ച ശേഷം പയ്യന്നൂരിൽ ഇറക്കി വിടുകയായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്. കാർ പയ്യന്നൂർ ഏച്ചിലാം വയൽ കരിങ്കുഴിയിൽ സീറ്റുകളും മറ്റും കുത്തി കീറിയ നിലയിൽ കണ്ടെത്തിയിരുന്നു.
പ്രതികളെ കണ്ടത്താൻ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു . ഇതോടെ തൃശൂരിലുള്ള ഒരു യാത്രക്കാരൻ പ്രതികളോട് സാമ്യം ഉള്ള ആളുകൾ ഒരു കാറിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ കാർ നമ്പർ കാസർകോട് ഡി വൈ എസ് പി ക്ക് കൈമാറുകയും ചെയ്തു. കാറുമായി ബന്ധപ്പട്ട രേഖകളിൽ നിന്നും ഫോൺ നമ്പർ ലഭിച്ചത്തോടെ പൊലീസിനെ കാര്യങ്ങൾ എളുപ്പമായി . കാസർകോട് നിന്നും പൊലീസ് സംഘം തൃശൂർ എത്തുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കാറിന്റെ ലോക്കേഷൻ കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു . പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചങ്കിലും ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളുടെ മുന്നിൽ വിലപ്പോയില്ല .
കാസർകോട് ഡിവൈഎസ്‌പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കാസർകോട് ഇൻസ്‌പെക്ടർ അജിത്കുമാർ, സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണൻ സി കെ, എസ് ഐ നാരായണൻ നായർ, എ എസ് ഐ അബൂബകർ, ലക്ഷ്മി നാരായണൻ, രഞ്ജിത്ത് കുമാർ, വിജയൻ, മോഹനൻ, എസ് സി പി ഒ ശിവകുമാർ, സിപിഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്ബി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരംഖ്, രഞ്ജീഷ് എന്നിവർ ഉണ്ടായിരുന്നു.
സംഭവത്തിൽ ഉൾപെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചിതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതോടെ പണം കണ്ടത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത് . ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്