കൊല്ലം. കരുനാഗപ്പള്ളിയിലും, പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നു. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും ഉൾപ്പെടെ വിവിധയിനം മയക്കുമരുന്നുകളുമായി നാല് പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

കൊല്ലത്തേയും, കരുനാഗപ്പള്ളിയിലേയും ചില എൻജിനിയറിങ് കോളേജുകളിലെ വിദ്യാർത്ഥികൾ മയക്കുമരുന്നിനടിമയാകുന്നുവെന്ന പരാതി കൊല്ലം സിറ്റി പൊലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കരുനാഗപ്പള്ളിയിലും , പരിസര പ്രദേശങ്ങളിൽ നിന്നുമായി നാല് പേർ പിടിയിലായത്. തൊടിയൂർ വടക്ക് കുറ്റിയിൽ വീട്ടിൽ സുഫിയാൻ(21),ക്ളാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ(21),കിളികൊല്ലൂർ പ്രിയദർശിനി നഗർ പനയിൽ അഭിലാഷ്(27),തെക്കുംഭാഗം ഞാറമൂട് കർമ്മലിഭവനിൽ ഡോൺ(21)എന്നിവരാണ് പിടിയിലായത്.

എറണാകുളത്തു നിന്നും ബാംഗ്ലൂർ വഴി മൊത്തക്കച്ചവടക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം നൽകി സ്ത്രീകളെ ഉപയോഗിച്ചാണ് ഇവ കൊല്ലത്ത് എത്തിക്കുന്നത്. പ്രതികളിൽ നിന്നും 5.5 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ് ഓയിൽ, ബട്ടൺ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു.