തെന്മല: പൊലീസിനെ വെട്ടിക്കാൻ എന്തെല്ലാം വിരുതുകളാണ് ചിലർ കാട്ടുന്നത്. അടുത്തിടെ മാധ്യമ പ്രവർത്തകർ എന്ന വ്യാജേന പ്രസ് ബോർഡും വച്ച് നടക്കുന്ന ചിലരെ പൊലീസ് പിടികൂടിയിരുന്നു. ഏറ്റവുമൊടുവിൽ, തെന്മലയിൽ പരിശോധന വെട്ടിക്കാൻ കാറിന്റെ നമ്പർ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ കസ്റ്റഡിയിലെടുത്തു. 'ഇന്ത്യൻ ഹ്യൂമൻ വെൽഫെയേഴ്‌സ് ആൻഡ് വിജിലൻസ് ഡോട്ട് ഒആർജി' എന്ന ബോർഡ് പതിച്ചായിരുന്നു തമിഴ്‌നാട് കേരള അതിർത്തികളിൽക്കൂടി ഇയാളുടെ യാത്ര. നീലയും ചുവപ്പും കളറുള്ള ബോർഡിൽ വെള്ള അക്ഷരത്തിലായിരുന്നു എഴുത്ത്. പൊലീസിന്റെ ബോർഡിനു സമാനമായിട്ടാണ് കാറിൽ ഇതു സ്ഥാപിച്ചിരുന്നത്.

കേരള തമിഴ്‌നാട് അതിർത്തി ചെക്‌പോസ്റ്റുകളിൽ ഈ ബോർഡുമായി വരുന്ന കാർ തടഞ്ഞു പരിശോധന നടത്താറില്ല. മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടാനുള്ള യാത്രകളിൽ തടസം നേരിടാതിരിക്കാനാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്ന വിശദീകരണമാണു കാറിന്റെ ഉടമ കൊല്ലം ഇടമൺ യുപിഎസ് സ്‌കൂളിന് സമീപം താമസിക്കുന്ന സുദേശൻ പൊലീസിനു നൽകിയ മറുപടി.

ഈ ബോർഡുമായി കറങ്ങുന്ന കാർ തെന്മല സ്‌പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇടമണിൽ വച്ചു വീണ്ടും ഈ വാഹനം കണ്ടതോടെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തെന്മല ഇൻസ്‌പെക്ടർ വിനോദിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈ സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ബോധ്യപ്പെട്ടെങ്കിലും കാറിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്ന് കണ്ടെത്തി.

എന്നാൽ ജനങ്ങളേയും പൊലീസ് സംവിധാനത്തേയും കബളിപ്പിക്കാൻ വേണ്ടി ബോർഡ് സ്ഥാപിച്ചതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബോർഡ് നീക്കം ചെയ്ത ശേഷം സ്റ്റേഷനിൽ വാഹനം എത്തിക്കണമെന്നുള്ള നിബന്ധനയിൽ വിട്ടയച്ചു. മോട്ടോർ വാഹന വകുപ്പിനും കാറിന്റെ വിവരം പൊലീസ് കൈമാറിയിട്ടുണ്ട്. അതേസമയം ഈ ബോർഡ് സ്ഥാപിച്ചത് എന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. വർഷങ്ങളായി ഈ ബോർഡുമായി യാത്ര ചെയ്യേണ്ട കാര്യമെന്തെന്ന് അന്വേഷിക്കാൻ തയാറാകണമെന്ന ആവശ്യവും ഉയരുന്നു