മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥികളുടെ പ്രണയം തർക്കമായതോടെ കാമുകന്റെ അച്ഛന് നേരേ കാമുകിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണം. അക്രമത്തിൽ ഗുരുതര പരുക്കേറ്റ പിതാവിന് തലയ്ക്ക് പതിനാറും, കാലിനു പത്തും സ്റ്റിച്ചിട്ടു. കേസിൽ, പെൺകുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിലായി.

മലപ്പുറം തിരൂരിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ പ്രണയിച്ചു. പെൺവീട്ടുകാർ സമ്പന്നരായതിനാൽ തന്നെ ബന്ധം അറിഞ്ഞതോടെ എതിർത്തു. കേസ് കോടതിയിൽ എത്തിയപ്പോൾ കാമുകനൊപ്പം പോകണമെന്ന് പെൺകുട്ടി. അവസാനം ദേഷ്യം പകയായി മാറിയതോടെയാണ് കാമുകന്റെ പിതാവിനുനേരെ പെൺവീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണം ഉണ്ടായത്.

പെൺകുട്ടിയുടെ പിതൃസഹോദരൻ ഹസൽമോനെ(38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ യഥാർഥ പ്രതികളെ രക്ഷിക്കാനും നീക്കം നടക്കുന്നതായും അക്രമണ സമയത്ത് സ്ഥലത്തില്ലാത്തവരെ അടക്കം പ്രതിപ്പട്ടികയിലുൾപ്പെടുത്തി രക്ഷപ്പെടാനും സ്വയം തയ്യാറായി വന്നതായി സംശയിക്കുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം കൈമനഃശേരിയിൽ വച്ച് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയായ കബീറിന്റെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരായതിനാൽ ബന്ധം അറിഞ്ഞതോടെ എതിർത്തു. തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു . ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ എത്തിയപ്പോൾ കാമുകനൊപ്പം പോകണമെന്നാണ് പെൺകുട്ടി പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം കബീറിന്റെ കുടുംബം ഏറ്റെടുത്തു.

മൂന്ന് വർഷത്തിന് ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്നായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. ഇതിനിടെയാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതെന്നാണ് പരാതി. കബീറിനും,കുടുംബത്തിനും നേരെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭീഷണി നിലനിൽക്കുന്നതായും പരാതിയുണ്ട്.