ശ്രീകണ്ഠാപുരം: പൊലിസിനെ വെട്ടിച്ചു മുങ്ങി നടക്കുകയായിരുന്ന വധശ്രമ കേസിലെ പ്രതിയെ പിടികൂടി. അയൽവാസിയെ തള്ളിയിട്ട് തലയോട്ടി പൊട്ടിച്ച കേസിൽ മുങ്ങിനടക്കുകയായിരുന്നയാളെയാണ് കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തത്. വഞ്ചിയം ചോലപ്പനത്തെ പുതുശ്ശേരി മോഹനനെയാണ് (48) കുടിയാന്മല പ്രിൻസിപ്പൽ എസ്‌ഐ നിബിൻ ജോയി പിടികൂടിയത്.

2010 ലാണ് അടിപിടിക്കിടെ അയൽവാസിയെ ഇയാൾ പിടിച്ചുതള്ളിയത്. നിലത്തുവീണ് തലയോട്ടി കല്ലിലിടിച്ച് പൊട്ടിയിരുന്നു. തുടർന്ന് ഒളിവിൽ പോയ മോഹനനെ ഈവർഷം ആദ്യമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഏറെക്കാലം കർണാടക അതിർത്തി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്നു. പിന്നീട് ജോലി ആവശ്യാർഥം സുള്ള്യയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. എഎസ്ഐ സദാനന്ദൻ, സി.പി.ഒ സുജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.