തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം പിടികൂടി. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് മുന്നിൽ നിന്നാണ് 13 ഗ്രാം എംഡിഎംഎയും 5.960 ഗ്രാം ഹാഷിഷ് ഓയിലും സഹിതം കണ്ണൂർ വാരം സ്വദേശി ആർ.രഞ്ജിത്തിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് പിടിയിലായത്.

അസി.എക്സൈസ് ഇൻസ്പെക്ടർ ഇ.എച്ച്. ഷഫീക്കിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന്റെ സമീപത്തു നിന്നും വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കെ.എൽ. -13 -എ.കെ. 4995 നമ്പർ പൾസർ ബൈക്കിൽ എത്തിയ ഇയാളെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിൽ ജിം ട്രൈനറാണ് പ്രതി.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ജില്ലയിലേക്ക് എത്തിക്കുന്ന മുഖ്യകണ്ണിയാണ് പിടിയിലായ രഞ്ജിത്ത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണത്തിനായി എത്തിച്ചതാണെന്നാണ് പ്രതി എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളും കൂട്ടാളികളും ഉള്ളതായും ഇവർക്കായുള്ള അന്വേഷണം എക്സൈസ് സംഘം ഊർജിതമാക്കിയതായും അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനൻ, പി.വി.കമാലക്ഷൻ, പി.കെ.രാജീവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. രജിരാഗ്, ഇ.എച്ച്.ഫെമിൻ, കെ.മുഹമ്മദ് ഹാരിസ്, റെനിൽ, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.