- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെത്തി മാലമോഷണം, സ്ത്രീപീഡനം; ജാമ്യത്തിലിറങ്ങി വീണ്ടും മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ; കുടുക്കിയത് സിസിടിവി
അടൂർ: ബൈക്കിലെത്തി മാല മോഷണവും സ്ത്രീപീഡനവും പതിവാക്കിയ യുവാവ് ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതിന് പൊലീസ് പിടിയിൽ. എറണാകുളം കണയന്നൂർ വടക്കേകോട്ടയിൽ എന്ന സ്ഥലത്തുകൊച്ചേരിൽ വീട്ടിൽ സുജിത്തിനെ(37)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് രാവിലെ എട്ടരയോടെ പറക്കോട്-പന്നിവിഴ റോഡിൽ ടി.ബി ജങ്ഷനിൽ നിന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന 62,000 രൂപ വില വരുന്ന സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത ശേഷം രക്ഷപെട്ട കേസിലാണ് അറസ്റ്റ്.
ആലപ്പുഴ,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ മോചിതരായവരെ കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കളമശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂർ, പത്തനംതിട്ട, ചങ്ങനാശേരി തുടങ്ങിയ സ്റ്റേഷനുകളിലായി വാഹന മോഷണവും സ്ത്രീ പീഡനവും അടക്കംപത്തോളം കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ പുത്തൻ കുരിശ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം നാലുമാസം മുൻപാണ് പുറത്തിറങ്ങിയത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതുമായി ബന്ധപ്പെട്ട് സൂചന ലഭിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, എസ്‌ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർ സൂരജ്, പത്തനംതിട്ട ഡിവൈ.എസ്‌പിയുടെ സ്പെഷൽ സ്‌ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ്, ഉമേഷ് എന്നിവരുണ്ടായിരുന്നു. സമീപകാലത്ത് നടന്ന എല്ലാ മോഷണകേസുകളിലും അതിവേഗം പ്രതികളെ അറസ്റ്റ് ചെയ്യാൻ അടൂർ പാലീസിന് സാധിച്ചിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്