മട്ടന്നൂർ: മട്ടന്നൂർ പൊറോറയിൽ നിന്നും കാട്ടിറച്ചിയും തോക്കും പിടികൂടി. വനം വകുപ്പ് ഉദ്യോസ്ഥർ നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊറോറ സ്വദേശിയായ ഐഡിയ ഗോവിന്ദൻ എന്നയാളുടെ വീട്ടിൽ നിന്നും ഇറച്ചിയും ആയുധങ്ങളും പിടികൂടിയത്.

കണ്ണൂർ ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് കാട്ടിറച്ചിയും തോക്കും മറ്റ് ആയുധങ്ങളും പിടികൂടിയത് . മട്ടന്നൂർ പൊറോറ സ്വദേശിയായ ഐഡിയ ഗോവിന്ദൻ എന്നയാൾ കാട്ട് മൃഗത്തെ വേട്ടയാടി വിൽപ്പന ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പരിശോധനക്കായി സ്ഥലത്തെത്തുമ്പോൾ ഗോവിന്ദന്റെ വീടിനോട് ചേർന്ന ഷെഡിൽ നിന്ന് ഇറച്ചി വെട്ടി കൊണ്ടിരിക്കുകയായിരുന്നു .വനം വകുപ്പ് സംഘത്തെ കണ്ട ഉടൻ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇറച്ചി വെട്ടി കൊണ്ടിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിലാണ് കാട്ട് മൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും ചോരപ്പാടുകളുള്ള ആയുധങ്ങളും കണ്ടെത്തിയത്.

പരിശോധനയിൽ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ജയപ്രകാശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, ഗ്രേഡ് ഫോറസ്റ്റർ മാരായ മധു കെ. പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡ്വേർഡ് , സുബിൻ പി പി, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു