കണ്ണൂർ:കണ്ണൂർ ജില്ലയിലെ പത്തോളം സഹകരണ ബാങ്കുകളിൽ മുക്കു പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയും ആസൂത്രകനുമായ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ.

ഈ കേസിൽ ഇതോടെ അഞ്ചു പേർ അറസ്റ്റിലായി.നേരത്തെ പിടിയിലായ കണ്ണൂർ കൊറ്റാളി സാദിരി പള്ളിക്കടുത്ത് താമസിക്കുന്ന കൊച്ചി സ്വദേശി വി.എ.സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോൾ പിടിയിലായ പെരുമ്പാവൂർ സ്വദേശിയും തട്ടിപ്പിലെ മുഖ്യ ആസൂത്രകനുമായ അലിയാറെ കുറിച്ച് വിവരം ലഭിച്ചത്.

പെരുമ്പാവൂരിലെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ ഇയാൾ 13 ദിവസം ആലുവ സെന്റർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും മുക്കുപണ്ടം വിതരണം ചെയ്യുന്ന ഏജന്റാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഇതേ സമയം കോതമംഗലത്ത് നിന്നാണ് വ്യാജ സ്വർണാഭരണങ്ങൾ നിർമ്മിച്ച് തനിക്ക് നൽകുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കണ്ണൂരിൽ പിടിയിലായ സിദ്ദിഖിനും ഹരിഹരനും മുക്കുപണ്ടം എത്തിച്ച് കൊടുത്തത് അലിയാറാണ്, ഈ മൂക്കുപണ്ടങ്ങളാണ് സഹകരണ സ്ഥാപനങ്ങളിൽ പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ഈ കേസിൽ സിദ്ദിഖിനെയും ഹരിഹരനെയും കൂടാതെ മേലെചൊവ്വയിലെ കെ.റി ജേഷ്, കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന നിധീഷ് വിശ്വനാഥൻ എന്നിവരും പിടിയിലായിരുന്നു. മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില സഹകരണ ബാങ്ക് ജീവനക്കാർക്ക് പങ്കുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന കണ്ണുർ സിഐ ശ്രീജിത്ത് കോടേരി പറഞ്ഞു.