തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാനമർദനക്കേസിൽ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോദരിഭർത്താവ് മിഥുനെ മർദിച്ച ഡാനിഷ് ഒളിവിലായിരുന്നു. കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ്. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും.

മതംമാറാൻ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നിൽ വച്ച് ഭർത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിച്ചത്. മിഥുൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിൻകാതോലിക്ക് വിഭാഗത്തിൽപ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാർ വിഭാഗത്തിൽപ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബർ 29 ന് ബോണക്കാട് വച്ചായിരുന്നു വിവാഹം. എന്നാൽ ദീപ്തിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു.പള്ളിയിൽ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിർത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാൻ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം.

ഒക്ടോബർ 31ന് തന്നെ ദീപ്തി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ല. മർദ്ദനത്തിൽ പുറമെയ്‌ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇതുകൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്‌ക്കേറ്റ അടിയിൽ മിഥുന്റെ പരിക്ക് ഗുരുതരമാണ്.

മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നൽകുന്നത്. അതായത് നവംബർ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ അപ്പോഴും തയ്യാറായില്ല