ചെറുവത്തൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റ് വില്ലേജ് ഓഫീസറും കാസർകോട് വിജിലൻസ് പിടിയിലായി. താമസസ്ഥലത്തിന് പട്ടയം ലഭിക്കാൻ പാവപ്പെട്ട സ്ത്രീയോട് ഒന്നര ലക്ഷം രൂപ ഇവർ കൈക്കൂലി ചോദിച്ചിരുന്നു. ആദ്യ ഗഡു 10,000 രൂപ വാങ്ങുന്നതിനിടെയാമ് ഇരുവരും പിടിയിലായത്. ഒന്നര ലക്ഷം രൂപ ചോദിച്ചപ്പോൾ അത്രയും തുക തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ 50,000 രൂപ തന്നാൽ രേഖ ശരിയാക്കാമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ കരാർ ഉറപ്പിച്ചത്.

കെട്ടുതാലി പണയപ്പെടുത്തി സ്ത്രീ നൽകിയ 10,000 രൂപ അഡ്വാൻസായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചീമേനി വിലേജ് ഓഫീസറും അസിസ്റ്റന്റ് വിലേജ് ഓഫീസറും വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയത്. ചീമേനി വിലേജ് ഓഫീസർ കണ്ണൂരിലെ കെ വി സന്തോഷ് (47), വിലേജ് അസിസ്റ്റന്റ് കണ്ണൂരിലെ കെ സി മഹേഷ് (45) എന്നിവരാണ് അറസ്റ്റിലായത്.

നിരവധി പരാതികൾ ഇവർക്കെതിരെ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട് വിജിലൻസ് ഡിവൈഎസ്‌പി കെ വി വേണുഗോപാലും സംഘവുമാണ് വിലേജ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയ ഉടനെ നേരത്തേ തയ്യാറായി നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ വേഗത്തിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ആഴ്ചകൾക്ക് മുമ്പ് കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിലെ ഉദ്യേഗസ്ഥനെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെയും ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഡ്രൈവിങ് ടെസ്റ്റിന് പണം വാങ്ങുന്നതിനിടെ ടെന്റ് ഗ്രൗണ്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.