കണ്ണൂർ: പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് സുനിഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യേഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രനാണ് 300 ലധികം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ഭർത്താവും ബന്ധുക്കളും നടത്തിയ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 29 നാണ് ഭർത്യവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.

ഭർത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് വിജീഷനെയും അയാളുടെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തിരുന്നു. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയുമാണ് പുറത്തു വന്നത്.