മലപ്പുറം: ബെംഗളരൂരുവിൽ നിന്ന് എംഎഡിഎംഎ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എം.ഡി.എം.എ ഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വിൽപന നടത്തുന്ന സംഘാംഗമാണ് ഇയാൾ. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന 51 ഗ്രാം എം.ഡി.എം.എയുമായി (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ)ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫിയാണ് (23) അറസ്റ്റിലായത്. പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജ് പരിസരത്ത് വച്ചാണ് അറസ്റ്റ്.

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1,000 രൂപ നിരക്കിൽ വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിക്കും. ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി 5,000 രൂപയ്ക്ക് മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ചെറുകിട വിൽപ്പനക്കാർക്ക് കൈമാറും. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് ഇത്തരം മയക്കുമരുന്നുകൾ മൊത്തവിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പേരിൽ ആറു കിലോഗ്രാം കഞ്ചാവ് പിടിച്ച കേസ് നിലവിലുണ്ട്.

പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എം.സന്തോഷ് കുമാർ , പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്‌ഐ സി.കെ നൗഷാദ്, എഎസ്ഐ ബൈജു, ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ, എൻ.ടി.കൃഷ്ണകുമാർ, കെ. ദിനേഷ്, കെ. പ്രബുൽ, പെരിന്തൽമണ്ണ സ്റ്റേഷനിലെ സി.പി.ഒമാരായ മുഹമ്മദ് ഫൈസൽ, ശിഹാബ്, മിഥുൻ, സജീർ, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.