മലപ്പുറം: അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നിവയാണ് കേസ്.

കഴിഞ്ഞ ദിവസമാണ് തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സുഹൈല നസ്‌റിനും ബത് ബസ്ത്തും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. ബാസ് ബസത്ത് ഗൾഫിലാണ്. 20 പവൻ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും അറിയിച്ചിരുന്നു. ഇതാവർത്തിക്കില്ലെന്ന് ഭർതൃപിതാവ് പറഞ്ഞ ശേഷവും വഴക്കുണ്ടായി

ഭർതൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണത്തെ തുടർന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലഴിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്‌ച്ച വൈകിട്ടു അഞ്ചോടെയാണു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്തു കയറിയത്. പ്രതികൾ പലപ്പോഴും നിസ്സാര കാര്യങ്ങൾക്കുപോലും സുഹൈലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഹൈലയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകി. എന്നാൽ അയൽവാസികളുമായി വീട്ടുകാർക്കു വലിയ ബന്ധമില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.