കോതമംഗലം: ആയിരൂർപ്പാടം ആമീന കൊലക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ച വൃദ്ധന്റെ മൃതദേഹം വിജനമായ പാതവക്കിൽ കണ്ടെത്തി. ആയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)ന്റെ ജഡമാണ് ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കണ്ടെത്തിയത്. ഉപ്പുകണ്ടം ആനോട്ടുപാറ റോഡിൽ തിരുമേനിപ്പടിക്കടുത്തുള്ള റോഡിൽ പാർക്കുചെയ്തിരുന്ന ഓട്ടോയുടെ സമീത്താണ് മൃതദേഹം കാണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്തുമടങ്ങിയ ശേഷം മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. ആക്രിസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന ആളാണ്. സാധനങ്ങൾ ശേഖരിക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയാണ് പാതവക്കിൽ കിടന്നിരുന്നത്. അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ ചേർന്ന് ആമ്പുലൻസിൽ കയറ്റിയെങ്കിലും സ്ഥലത്തെത്തിയ പൊലീസ് ഇത് വിലക്കി.

മരിച്ചെന്നുറപ്പായ സാഹചര്യത്തിൽ തുടർ നടപടികൾക്കുശേഷം മൃതദേഹം മാറ്റിയാൽ മതിയെന്നായിരുന്നു പൊലീസ് നിലപാട്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

ആയിരൂർപ്പാടം സ്വദേശിനി ആമിന കൊല്ലപ്പെട്ട സംഭവത്തിൽ മൈദീനെ പൊലീസ് ചോദ്യം ചെയ്തിരുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനകൾക്കുശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

മാസങ്ങൾക്കു മുമ്പ് പുല്ലരിയാൻ പോയ അയിരൂർപ്പാടം സ്വദേശിനി ആമിനയെ വീടിനുസമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ സമീപത്തെ നീർച്ചാലിൽ മുക്കിയാണ് ആമിനയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.
തുടർന്ന് ഇത് സംബന്ധിച്ച് ലോക്കൽ പൊലീസ് മാസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്തിടെ മൈതീനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.