വഴിക്കടവ് : രാത്രിയിൽ ജെസിബികളിൽ നിന്നും ബാറ്ററി മോഷണം നടത്തിയിരുന്ന അന്തർ ജില്ലാ മോഷണ കേസ് പ്രതി പിടിയിലായി. കോഴിക്കോട് തൊട്ടിൽപാലം ചക്കിട്ടപ്പാറ ചെമ്പനോട് മുള്ളൻകുന്ന് ചിറക്കൊല്ലിമീത്തൽ വീട്ടിലെ വിനൂപ് എന്ന വിനു ആണ് പിടിയിലായത്.

ഈ മാസം 16 ന് രാത്രി എടക്കര കാറ്റാടിയിൽ,എം.സാന്റ് യൂണിറ്റിൽ നിർത്തിയിട്ട ജെ.സി.ബി യിൽനിന്നും, 18 ന് പുലർച്ചെ വഴിക്കടവ് -മുണ്ട യിലെ ഷെഡിൽ നിർത്തിയ ജെ.സി.ബി യിൽ നിന്നും ബാറ്ററികൾ മോഷണം പോയിരുന്നു. കൂടാതെ മുണ്ടയിൽ റോഡരികത്തു നിർത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു.

്‌വാഹന ഉടമകൾ വഴിക്കടവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ. പി.അബ്ദുൽ ബഷീറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘംസി. സി.റ്റടിവി കൾ കേന്ദ്രീകരിച്ചും ആക്രികടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ സൂത്രധാരനെ പിടികിട്ടിയത്.

സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയിൽ, സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ,് പ്രതി നിലമ്പൂരിലെ ആക്രി കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികൾ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് ആക്രികടകളിൽ വിറ്റിരുന്നത്.

ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടറിലെ ബാറ്ററിയാണെന്നാണ് കടക്കാരോട് പറഞ്ഞത്. ഇടിമിന്നലിൽ ഇൻവെർട്ടർ തകരാറായതാണ് വിൽപന നടത്താൻ കാരണം എന്ന് പറഞ്ഞാണ് ആക്രി കടകളിൽ വിൽപ്പന നടത്തിയിരുന്നത്.

പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിക്കടവ് -പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് പ്രതിയുടെ ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞു വിളിച്ചു സ്റ്റേഷനിലെത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

രണ്ട് വർഷം മുമ്പു തിരുവനന്തപുരം പാറശാലയിൽ ടാങ്കറിൽ സ്പിരിറ്റ് കടത്തിയ കേസിലും, കഴിഞ്ഞ ലോക്ഡൗൺ കാലത്തു കുറ്റ്യാടിയിൽ പാതയോരത്തു നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചു കോട്ടയത്തേക്കു കടത്തും വഴി കുമരകത്തു വെച്ച് മദ്യ ലഹരിയിൽ ബസ് ഓടിച്ചുപോകുമ്പോൾ പൊലീസ് പിടിയിലായ കേസിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ചാണ് വഴിക്കടവിലെത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആദ്യവിവാഹത്തിൽ പ്രതിക്ക് ഒരു മകളുണ്ട്, പ്രതിക്ക്പല സ്ഥലങ്ങളിലും സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

വഴിക്കടവ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ തോമസ് കുട്ടി ജോസഫ്, സ്‌പെഷ്യൽ സ്‌ക്വാഡ് സബ്ബ് ഇൻസ്‌പെക്ടർ എം. അസൈനാർ, പൊലീസുകാരായ ,ഡാനിയേൽ കെ. എ, അബുബക്കർ .എൻ എ , റിയാസ് ചീനി, പ്രശാന്ത് കുമാർ. എസ്. എന്നിവരാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.