ഇരിട്ടി: കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 250 കിലോയിലധികം കഞ്ചാവ് പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇരിട്ടി മട്ടന്നൂർ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ഹൈദരാബാദിൽ നിന്നും ഒമ്പത് ബാഗുകളിലായി 99 പാഴ്സലായി പിക്കപ്പ് വാനിൽ ബംഗളൂരുവിൽ എത്തിച്ച ശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്. വടകരയിൽ ഉള്ള മറ്റൊരാൾക്ക് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. സർക്കിൾ ഇൻസ്‌പെക്ടർ അനികുമാർ ,കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി വിനോദ് ,ടി ആർ മുകേഷ് രാജേഷ്, ജി.മധുസുദനൻ നായർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഷംനാദ് സുബിൻ, രാജേഷ് മുഹമ്മദലി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.