കണ്ണുർ: പനയത്താംപറമ്പിൽ ഭർത്താവ് കഴുത്തറുത്തും വെട്ടിയും കൊല്ലാൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലോടിനടുത്തെ പനയത്താംപറമ്പിൽ ഏഴു മാസം ഗർഭിണിയായ ഭാര്യയെയാണ് ഭർത്താവ് കത്തി കൊണ്ടു വകവരുത്താൻ ശ്രമിച്ചത്.

അതിനിടെ രക്ഷപ്പെട്ട ഭർത്താവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പനയത്താംപറമ്പ് സ്വദേശിനി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കത്തി കൊണ്ട് കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചത്.

ഇവരുടെ കഴുത്തിന് പിന്നിൽ കത്തി കൊണ്ടു ആഴത്തിൽ മുറിവേൽപ്പിച്ചതിനു ശേഷം ഭർത്താവ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാർന്ന നിലയിൽ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചാല മിംമ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു പൊലിസ് അറിയിച്ചു. കൂത്തുപറമ്പ് നീർവേലി സ്വദേശിയായ ഷൈജേഷ് ഏറെക്കാലമായി ഭാര്യവീടായ പനയത്താംപറമ്പിലാണ് താമസം. ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടുമെന്നും ചക്കരക്കൽ പൊലിസ് അറിയിച്ചു.