മലപ്പുറം: വഴിക്കടവ് മരുത കൂട്ടിലപ്പാറയിൽ വനത്തിനോട് ചേർന്ന ആദിവാസി കോളനിയിലെ ഒരു വീട്ടിൽ മാവോവാദിയെ തെരഞ്ഞെത്തിയ പൊലീസ് സംഘത്തിന്റെ പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവിനെ. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന ചെറിയ ഐല (30 )നെയാണ് വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.

ആദിവാസി കോളനിയിൽ പുറത്തുനിന്നൊരാൾ ഒഴിവിൽ കഴിയുന്നെന്ന രഹസ്യവിവരം ജില്ലാ പൊലീസ് ചീഫ് സുജിത്ദാസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് തെരച്ചിലിനായി പൊലീസ് സംഘം എത്തിയത്. ട്രെയിനിൽ കവർച്ച നടത്തിയ കേസിൽ കൂട്ടുപ്രതി പിടിയിലായതോടെയാണ് നിഷാബ് ഒളിവിൽ പോയത്.

മലേഷ്യയിൽ ജോലി ചെയ്യവേ നിയമ ലംഘനത്തിന് പിടിയിലായി കൊലാലംപൂർ ജയിലിലായിരുന്നു നിഷാബ്. മകൻ ജയിലിലായത് കാരണം പട്ടിണിയിലായ കുടുംബത്തിന്റെ അവസ്ഥ വിശദീകരിച്ച് നിഷാബിന്റെ പിതാവ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം അയച്ചതോടെ ചില സാമൂഹ്യ സംഘടനകൾ സോഷ്യൽ മീഡിയ വഴിയും മറ്റും സമ്മർദ്ദം ചെലുത്തിയാണ് നിഷാബിനെ ജയിൽ മോചിതനാക്കി സൗജന്യമായി നാട്ടിലെത്തിച്ചത്.

ഏഴ് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് പിന്നീട് ആഡംബര ജീവിതത്തിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുമായി ചേർന്ന് മോഷണവും പിടിച്ചുപറിയും നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഒരിക്കൽ പിടിക്കപ്പെട്ട് തിരൂർ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വീണ്ടും എറണാകുളത്തിനും ഗോവക്കും ഇടയിൽ ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിച്ച് പണവും ഫോണും മോഷ്ടിച്ച കേസിൽ കൂട്ട് പ്രതി റയിൽവെ പൊലീസിന്റെ പിടിയിലായതോടെയാണ് ഒളിവിൽ കഴിയാൻ തുടങ്ങിയത്.

കോഴിക്കോട് നിന്നും റെയിൽവെ പൊലീസ് പല തവണ തേടിയെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസിൽ നിഷാബിന് പങ്കുള്ളതായി റെയിൽവെ പൊലീസ് കണ്ടെത്തിയിരുന്നു. അടുത്തിടെ കർണാടക ഉഡുപ്പിയിൽ നേത്രാവതി എക്സ്പ്രസ്സ് ട്രയിനിൽ നിന്നും ഒരു ആരോഗ്യ പ്രവർത്തകയുടെ ആറ് ലക്ഷം രൂപയുടെ സ്വർണവും പണവും ഫോണുകൾ ഉൾപ്പെടെയുള്ള ബാഗ് പിടിച്ച് പറിച്ചിരുന്നു ഈ കേസിലും നിഷാബിന് പങ്കുള്ളതായി റയിൽവെ പൊലീസ് സംശയിക്കുന്നുണ്ട്.

സ്പഷ്യൽ സ്‌കോഡ് എസ്‌ഐ. എം .അസൈനാർ , പൊലീസുകാരായ അഭിലാഷ് കൈപ്പിനി , ആസിഫ് അലി , നിബിൻ ദാസ് , ജിയോ ജേക്കബ്, പ്രശാന്ത് കുമാർ. എസ് , റിയാസ് ചീനി , അബൂബക്കർ നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത