കൽപ്പറ്റ: വയനാട് അമ്പലവയലിൽ 68കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെൺകുട്ടികൾ മൊഴി നൽകി. 15, 16 വയസ്സുകാരാണ് പെൺകുട്ടികൾ.

തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വർഷങ്ങളായി മുഹമ്മദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെൺമക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികളും മുഹമ്മദും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെൺകുട്ടികളും അമ്മയും നൽകിയിരിക്കുന്ന മൊഴി.

പിന്നീട് മൃതദേഹം ചാക്കിൽക്കെട്ടി വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പെൺകുട്ടികളും അമ്മയും കീഴടങ്ങിയത്. മുഹമ്മദ് ഇതിനു മുൻപും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളതായി പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ ബുധനാഴ്ച ജൂവനൈൽ കോടതിയിൽ ഹാജരാക്കും.