ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികൾ സഞ്ചരിച്ച ബൈക്ക് മുല്ലാത്ത് വളപ്പ് വാർഡ് മാളികപ്പറമ്പ് ഭാഗത്ത് കണ്ടെത്തി. കൊലപാതക ദിവസം ധരിച്ച വസ്ത്രവും പ്രതികളിലൊരാളുടെ വീട്ടിൽനിന്ന് കണ്ടെത്തി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഗൂഢാലോചനയിൽ പങ്കാളിയായ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48), പ്രതികൾക്ക് സിംകാർഡ് നൽകിയ പുന്നപ്ര കളിത്തട്ടിലെ ബി ആൻഡ് ബി മൊബൈൽ കടയുടമ പുന്നപ്ര സൗത്ത് വലിയപറമ്പ് മുഹമ്മദ് ബാദുഷ (27) എന്നിവരുമാണ് ശനിയാഴ്ച അറസ്റ്റിലായത്.

ഇവരെ റിമാൻഡ്ചെയ്തു. ഇതോടെ കേസിൽ ഇതുവരെ 12 പേർ പിടിയിലായി. ആറ് ബൈക്കിലെത്തിയ 12 പേരാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഇവരിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ നേരിട്ട് കുറ്റകൃത്യത്തിൽപങ്കെടുത്തവരുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രതികളുടെ കോവിഡ് ടെസ്റ്റ് നടത്തി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.