പന്തളം: ജോലി തട്ടിപ്പ് പതിവാക്കിയ ആളെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. ജൂവലറി ഉടമയുടെ മകനെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) യിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണവും തട്ടിയെടുത്ത കേസിൽ എറണാകുളം വൈറ്റില നടക്കാവിൽ ലെനിൻ മാത്യുവി (45) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമാനമായ ജോലി തട്ടിപ്പ് കേസിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലായിരുന്നു ലെനിൽ. ഇന്നലെ രാവിലെ ജയിലിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ പന്തളം രാജാ ജൂവലറി ഉടമ രാജഗോപാലിന്റെ മകന് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേന്ദ്രമന്ത്രിസഭയിൽ അംഗത്വമുള്ള പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റാണെന്നും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് അംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

രാജഗോപാലിൽ നിന്ന് ആറു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവും തവണകളായി കൈക്കലാക്കിയ യുവാവ്, വ്യാജ ഇന്റർവ്യൂ കാർഡ് നൽകിയാണ് കൂടിക്കാഴ്ചക്കായി മകനെയും കൂട്ടിക്കൊണ്ട് ഡൽഹിയിലെത്തിയത്. ലെനിൻ തട്ടിപ്പുകാരനാണെന്ന് ജൂവലറി ഉടമയുടെ മകന് മനസിലായി. തുടർന്ന് നാട്ടിലെത്തിയ ജൂവലറി ഉടമയുടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കായി 25000 രൂപ ഈടാക്കിയിരുന്നു. പന്തളത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.