കണ്ണുർ: അദ്ധ്യാപികയുടെ താലിമാല കവർന്ന കേസിൽ തടവ് ശിക്ഷ വിധിച്ചതിനു ശേഷം മുങ്ങിയ കേസിലെ പ്രതിയെ 20 വർഷത്തിന് ശേഷം ധർമ്മടം പൊലിസ് സാഹസികമായി പിടികൂടി. തളിപ്പറമ്പ് കുറ്റ്യേരിയിലെ തെണ്ടി വളപ്പിൽ ടി.വി സജീവനെ (44) യാണ് വെള്ളിയാഴ്‌ച്ച പുലർച്ചെ പിലാത്തറയ്ക്കടുത്തു വെച്ച് ഒളിവിൽ കഴിയവേ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്.

1999 ൽ ധർമ്മടം ഒഴയിൽ ഭാഗം എന്ന സ്ഥലത്ത് വെച്ച് റോഡിൽ വെച്ച് അദ്ധ്യാപികയുടെ നാലര പവൻ പിടിച്ചുപറിച്ചോടിയ കേസിൽ തലശേരി എ.സി.ജെ.എം കോടതി പ്രതിയെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോടതി വിധിക്കു ശേഷം പ്രതി മുങ്ങി ഒളിവിൽ പല സ്ഥലത്തും മാറി താമസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ധർമ്മടം സി ഐ ടി പി സുമേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമ്മടം എസ്‌ഐ കെ.ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്,, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിലാത്തറക്കടുത്ത് വെച്ച് പ്രതി ഒളിവിൽ കഴിഞ്ഞു വരുന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിലെ പല സ്റ്റേഷനുകളിലും കേസ്സുണ്ട്. എറണാകുളം ജില്ലയിലെ രാമ മംഗലം പൊലീസ് സ്റ്റേഷനിൽ കളവു കേസിൽ ഉൾപെട്ട പിടികിട്ടാപ്പുള്ളിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.