- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടേരിയിൽ അർദ്ധരാത്രി വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച സംഭവം; ഇരട്ട നമ്പർ പ്ലെയിറ്റുകളുള്ള കാർ ഉദുമയിൽ മത്സ്യ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ചത്; ഉടമ കാസർകോഡ് സ്വദേശി; അന്വേഷണവുമായി ബേക്കൽ പൊലീസ്
കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ കാസർകോട് മത്സ്യ വ്യാപാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘം സഞ്ചരിച്ചതാണെന്ന് വ്യക്തമായി. തിങ്കളാഴ്‌ച്ച കാർ ബേക്കൽ പൊലീസെത്തി കാസർകോട്ടേക്ക് കൊണ്ടുപോയി.
മുണ്ടേരിയിലെ ഷൈനാ നിവാസിൽ ഭാസ്‌ക്കരന്റെ വീട്ട് മുറ്റത്താണ് ഞായറാഴ്ച രാത്രി 12 മണിയോടെ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ചത്. കാറിന് ഇരട്ട നമ്പർ പ്ലെയിറ്റ് ഉണ്ടായിരുന്നു. KL 14 R 5341, KL 14 Y 1967 നമ്പർ പ്ലെയിറ്റുകൾ തമ്മിൽ ഒട്ടിച്ച നിലയിലായിരുന്നു കാർ. പൊലീസ് അന്വേഷണത്തിൽ കാസർഗോഡുള്ള ആളുടെ ഉടമസ്ഥയിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിരുന്നു.
രാത്രി പതിനൊന്നരയോടെ രണ്ട് പേർ വീടിന്റെ മുറ്റത്ത് വന്ന് കാറിന് ചെറിയ തകരാർ ഉള്ളതിനാൽ ഇവിടെ വെക്കട്ടെ എന്ന് ചോദിച്ചതായി വീട്ടുടമ പറഞ്ഞു. കാറിന്റെ പിൻ ഗ്ലാസ് തകർന്ന നിലയിലാണ്. വാഹനത്തിലും വീടിന്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു.
കണ്ണൂരിൽ നിന്ന് എത്തിയ വിരലടയാള വിദഗ്ധരും ചക്കരക്കൽ പൊലീസും കാർ പരിശോധന നടത്തിയപ്പോഴാണ് വാൾ, കത്തിവാൾ മുതലായ മാരകായുധങ്ങളും, മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്.
സയന്റിഫിക് ഓഫീസർ പി.ശ്രീജ, ഫിങ്കർ പ്രിന്റ് എക്‌സ്‌പോർട്ട് പി.സിന്ധു, പൊലീസ് ഫോട്ടോഗ്രാഫർ കെ.ടി. ബിൻസ് ജോസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചക്കരക്കൽ പൊലീസ് ഇൻസ്‌പെക്ടർ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ എസ് ഐ ഗംഗാധരൻ, കെ.വി.വിനീത്, അബ്ദുൾ നാസർ, കെ.വിജേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഞായറാഴ്‌ച്ച രാത്രി ഉദുമയിൽ മത്സ്യവ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം ഈ കാറിൽ സഞ്ചരിച്ചവരാണെന്നു വ്യക്തമായതായി പൊലിസ് അറിയിച്ചിട്ടുണ്ട്.
ക്വട്ടേഷൻ അക്രമത്തിന് പിന്നിൽ കണ്ണൂരിൽ നിന്നെത്തിയ സംഘമാണെന്ന് സംശയിക്കുന്നതായി ബേക്കൽ പൊലിസും പറഞ്ഞിരുന്നു. ഞായറാഴ്‌ച്ച രാത്രി ഒൻപതരയോടെ ഉദുമ കോട്ടിക്കുളത്താണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം കൂൾബാറിലെ വാഹനത്തിലിരുന്ന് ജ്യുസ് കുടിക്കുകയായിരുന്ന പാലക്കുന്ന് സ്വദേശിയായ മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ ചിമ്മിണി ഹനീഫയെ (46)യാണ് കാറിലെത്തിയ സംഘം വധിക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വലിച്ചിറക്കി തള്ളിമാറ്റിയതിനു ശേഷമാണ് ഹനീഫയെ ക്വട്ടേഷൻ സംഘം കത്തി കൊണ്ട് കുത്തിയത്. ഇതിനു ശേഷം അക്രമിസംഘം സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹനീഫയെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചക്കരക്കൽ പൊലിസ് വിവരമറിയിച്ചതിനെ തുടർന്നാണ് ഡി.വൈ.എസ്‌പിയടക്കമുള്ള പൊലിസ് സംഘമെത്തി കാർബേക്കൽ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്