- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ അന്തർസംസ്ഥാന കഞ്ചാവ് കടത്ത് കേസിലെ പ്രതിയെ വീടുവളഞ്ഞ് പിടികൂടി; പ്രതിയെ ഹൈദരാബാദ് പൊലീസിന് കൈമാറി

കണ്ണൂർ: തളിപ്പറമ്പിൽ അന്തർസംസ്ഥാന കഞ്ചാവ് കടത്ത് കേസിലെ പ്രതിയെ വീടുവളഞ്ഞ് പിടികൂടി: പ്രതിയെ ഹൈദരാബാദ് പൊലീസിന് കൈമാറി. തളിപ്പറമ്പ് പുളിപ്പറമ്പ് കോളനിയിലെ ഗോകുലിനെയാണ് (29) തളിപ്പറമ്പ് പൊലീസ് പിടികൂടി ഹൈദരബാദ് പൊലീസിന് കൈമാറിയത്. വ്യാഴാഴ്‌ച്ച രാവിലെ ആറരയ്ക്ക് പുളിപ്പറമ്പിലെ വീട്ടിൽ നിന്നുമാണ് ഗോകുലിനെ പിടികൂടിയത്.
തളിപ്പറമ്പ് എസ്. ഐ ദിലീപൻ,സി.പി.ഒ അബ്ദുൽ ജബ്ബാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം ഇയാളുടെ വീടുവളഞ്ഞാണ് പിടികൂടിയത്. ഗോകുലിനെ ഹൈദരബാദിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് പിന്നീട് കൈമാറി. 2021 ഏപ്രിൽ രണ്ടിന് നിർത്തിയിട്ട കാറിൽ നിന്നും പേഴ്സ് മോഷ്ടിച്ച് അതിലെ എ.ടി. എം കാർഡുപയോഗിച്ചു എഴുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് പൊലിസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. കതിരൂർ സ്വദേശിയുടെതായിരുന്നു എ.ടി. എം കാർഡ്. മോഷണ കേസിനെ തുടർന്ന് പിടിയിലായ ഗോകുൽ പിന്നീട് ഹൈദരബാദിലേക്ക് കടക്കുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് 22 കിലോ കഞ്ചാവ് സഹിതം ഒഡീഷക്കാരനൊപ്പം ഗോകുലിനെ ഹൈദരാബാദ് പൊലീസ് പിടികൂടിയിരുന്നു. ലോക്കപ്പിലടച്ച ഗോകുൽ സ്റ്റേഷനിൽ നിന്നും പൊലിസുകാരന്റെ 32,000രൂപയും മൊബൈൽ ഫോണും കവർന്ന് ഒഡീഷക്കാരനൊപ്പം രക്ഷപ്പെടുകയായിരുന്നു. ഒഡീഷ സ്വദേശിയെ പൊലിസ് പിന്നീട് പിടികൂടിയെങ്കിലും കണ്ണൂരിലേക്ക് മുങ്ങിയ ഗോകുലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഹൈദരാബാദ് പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തവേ കണ്ണൂർ ജില്ലാപൊലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് പൊലീസ് വ്യാഴാഴ്‌ച്ച പുലർച്ചെ ഇയാളെ വീടുവളഞ്ഞു പിടികൂടുകയായിരുന്നു. പ്രതിയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി.


