തലശേരി: സംസ്ഥാന സർക്കാർ ലോട്ടറിക്ക് സമാന്തരമായി ഒറ്റ നമ്പർ ചൂതാട്ടം പതിവാക്കിയ അറുപതുവയസുകാരനെ എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പേത്തും പാർട്ടിയും പിടികൂടി. ചക്കരക്കൽ ചെമ്പിലോട്ടെ രമിഷാ നിവാസിൽ പുതിയാണ്ടി പി.രമേശനാണ് തോട്ടടയ്ക്കടുത്തുവെച്ചു പിടിയിലായത്.

കേരള ലോട്ടറി നടന്നു വിൽക്കുന്ന സബ്ബ് ഏജന്റായ ഇയാൾ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റ നമ്പർ എഴുത്ത് ലോട്ടറി ചീട്ടും കൈമാറുന്നത്. ഇത് വാങ്ങാൻ പറ്റുകാരായി ഒട്ടേറെ പേർ വിവിധ സ്ഥലങ്ങളിൽ പതിവായി കാത്തിരിക്കാറുണ്ട്. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 15450 രൂപയുണ്ടായിരുന്നു.

ശനിയാഴ്‌ച്ച രാവിലെ പത്തിന് ആരംഭിച്ച ഒറ്റ നമ്പർ ഇടപാട് ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇത്രയും പണം ഇയാളുടെ കീശയിലെത്തിയതെന്ന് പ്രിൻസിപ്പൽ എസ്‌ഐ പറഞ്ഞു. ഇയാൾ മൊബൈൽ ഫോൺ വഴിയും, വീട്ടിൽ വച്ചും, ഒറ്റ നമ്പർ കൈമാറ്റം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സർക്കാറിന് കനത്ത നഷ്ടം വരുത്തുന്ന സമാന്തര ഒറ്റ നമ്പർ ചൂതാട്ടത്തിന് ചുക്കാൻ പിടിക്കുന്നവരെ കണ്ടെത്തുമെന്ന് പൊലിസ് അറിയിച്ചു.

തോട്ടടയിൽ നടത്തിയ പരിശോധനയിൽ പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തിനൊപ്പം എ..എസ്‌ഐ. മഹേഷ്, സി.പി.ഒ.മാരായ റിനോജ്, സനൂപ്, ഡൈവർ എസ്.സി.പി.ഒ.അജേഷ് രാജ്, എന്നിവർ പങ്കെടുത്തു.