കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് ബംഗാൾ സ്വദേശികളായ കുടുംബത്തെ കൊള്ളയടിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കക്കാട് ജങ്ഷനിലെ പള്ളിക്കടുത്തെ ക്വാർട്ടേഴ്സിലാണ് വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് വൻ കവർച്ച നടന്നത്. രണ്ടുമണിക്കും മൂന്നുമണിക്കുമിടെയിൽ ക്വാർട്ടേഴ്സിൽ കയറി ആഭരണവും സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു.

ബംഗാൾ സ്വദേശിയായ നസറുന്നീസും കുടുംബവും താമസിച്ചുവന്നിരുന്ന ക്വാർട്ടേഴ്സിലാണ് കവർച്ച നടന്നത്. സംഭവസമയത്ത് ഇയാളുടെ ഭാര്യ ജയ്ദുൽ നിസ പുറത്തുപോയിരുന്നു. ഈ സമയത്താണ് അടുക്കളയിൽ അരിവയ്ക്കുന്ന പാത്രത്തിന്റെ പുറകുവശത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന ആഭണങ്ങളും പണവും നഷ്ടപ്പെട്ടത്.

ഇവരുടെ ചെറിയ കുട്ടി അപരിചിതനായ ഒരാളെ കണ്ടിരുന്നതായി പറയുന്നുണ്ട്. മോഷ്്ടാവിന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയാനാവുമെന്നാണ് കുട്ടി പറയുന്നത്. ഈ സമയം വൈദ്യുതിയില്ലാത്തതിനാൽ സമീപത്തെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ആഭരണവും പണവും സൂക്ഷിച്ചിരുന്ന സ്ഥലം കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആഭരണവും പണവും ഉൾപ്പെടെ ഏകദേശം 1,80,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.